പാർക്കിംഗിനെ ചൊല്ലി തർക്കം; ഡൽഹിയിൽ യുവാവിനെ വീടുകയറി കുത്തിക്കൊന്നു

ഡൽഹിയിൽ യുവാവിനെ ആറംഗ സംഘം വീട്ടിൽ കയറി കുത്തിക്കൊന്നു. വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ചായിരുന്നു ക്രൂര കൊലപാതകം. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തെക്ക് കിഴക്കൻ ഡൽഹിയിലെ സരിതാ വിഹാറിൽ ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. അരവിന്ദ് മണ്ഡൽ എന്നയാളാണ് കൊല്ലപ്പെട്ടത്. മകൻ ആകാശിനെ സ്കൂളിൽ നിന്ന് വിളിച്ച ശേഷം മടങ്ങുന്നതിനിടെ, മനോജ് ഹാൽദർ എന്നയാളുമായി അരവിന്ദ് മണ്ഡൽ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.
വൈകുന്നേരത്തോടെ പ്രശ്നം ഒത്തുതീർപ്പായതോടെ അരവിന്ദ് വീട്ടിലേക്ക് മടങ്ങി. എന്നാൽ രാത്രി ഒമ്പതരയോടെ മൂന്ന് ബൈക്കുകളിലെത്തിയ അക്രമിസംഘം വീടിനുള്ളിൽ അതിക്രമിച്ച് കയറി കുത്തുകയായിരുന്നു. അരവിന്ദിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭാര്യ രേഖയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അരവിന്ദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
സംഭവത്തിൽ കേസെടുത്ത പൊലീസ് നാല് പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ട് പ്രതികൾ ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്നും ഇവരെല്ലാം സരിത വിഹാറിലെ പ്രിയങ്ക ക്യാമ്പിലെ താമസക്കാരാണെന്നും പൊലീസ് അറിയിച്ചു.
Story Highlights: Delhi Man Stabbed In Front Of Wife And Son Over Parking Dispute Dies In Hospital