അനന്ത്നാഗ് ഏറ്റുമുട്ടൽ: ഭീകരർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം കണ്ടെടുത്തു. ഇതോടെ ഓപ്പറേഷനിൽ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരുടെ എണ്ണം അഞ്ചായി. അതേസമയം കൊക്കർ നാഗിൽ ഭീകരർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടന്നു. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഏറ്റുമുട്ടലിനിടെ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. ശിപായി പ്രദീപ് സിംഗിനാണ് ജീവൻ നഷ്ടമായത്. ഏഴുവർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിച്ച 27 കാരനായ പ്രദീപ് പഞ്ചാബിലെ പട്യാല സ്വദേശിയാണ്. സെപ്റ്റംബർ 13 മുതലാണ് പ്രദീപിനെ കാണാതായത്.
അതേസമയം, കൊക്കർനാഗ് വനത്തിൽ നിന്ന് രണ്ട് ഭീകരരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സുരക്ഷാസേന ഡിഎൻഎ പരിശോധന നടത്തിയേക്കും. മൃതദേഹങ്ങളിൽ ഒന്ന് ലഷ്കർ കമാൻഡർ ഉസൈർ ഖാന്റേതാകാമെന്നാണ് സൂചന. അനന്ത്‌നാഗ് ജില്ലയിൽ കഴിഞ്ഞ ഏഴ് ദിവസമായി തുടരുന്ന കൊക്കർനാഗ് തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഓപ്പറേഷനാണ്.
Story Highlights: Anantnag encounter: Search for terrorists enters seventh day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here