ഡോൺ പാലത്തറയുടെ ‘ഫാമിലി’ അയർലന്റിലെ 68ാമത് കോർക്ക് ചലചിത്രമേള മത്സരവിഭാഗത്തിൽ

കോര്‍ക്ക്, അയര്‍ലന്‍ഡ് നിരൂപക പ്രശംസ നേടിയ മലയാളം ചിത്രം ‘ഫാമിലി’ അതിന്റെ ഐറിഷ് പ്രീമിയറിനായി ഒരുങ്ങുന്നു. 68ാമത് കോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സര വിഭാഗത്തിലേക്ക് ‘ഫാമിലി’ തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഇക്കഴിഞ്ഞ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ആയിരുന്നു. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത് ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച ‘ഫാമിലി’ പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതിനും വിനയ് ഫോര്‍ട്ടിന്റെ വേറിട്ട പ്രകടനത്തിനും ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘ഫാമിലി’ ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളിലായി ആകെ പതിനൊന്ന് മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിന്റെ പന്ത്രണ്ടാമത് മേളയായായി കോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയത് സാമൂഹ്യപരമായും സാംസ്‌കാരികപരമായും വ്യത്യസ്തമായ ഒരു ആസ്വാദകവൃന്ദത്തെ എങ്ങനെ ഈ സിനിമ ആകര്‍ഷിക്കുന്നു എന്നതിനുള്ള തെളിവായി കരുതാം.

ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്ന് എഴുതിയ ‘ഫാമിലി’ ഡാര്‍ക്ക് കോമഡിയുടെ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതും പ്രേക്ഷകരെ പിടിച്ചുകുലുക്കുന്നതുമായ ഒരു സിനിമാവിഷ്‌കാരമാണ്. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ചിത്രം, ഒരു സമ്പന്ന കുടുംബത്തിനുള്ളിലെ സങ്കീര്‍ണ്ണവും എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കാത്തതുമായ ‘പവര്‍ ഡൈനാമിക്സി’ലേക്ക് കടന്നുചെല്ലുകയും അതിനെ തുറന്നുകാട്ടുകയും ചെയ്യുന്നു. വിനയ് ഫോര്‍ട്ട്, മാത്യു തോമസ്, ദിവ്യപ്രഭ, അഭിജ ശിവകല, നില്‍ജ കെ. ബേബി എന്നിവരടങ്ങുന്ന ഒരു കൂട്ടം മികച്ച അഭിനേതാക്കള്‍ അവരുടെ പതിവ് കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ അനുഭവം ഫാമിലിയിലൂടെ സാധ്യമാക്കുന്നു.

മറ്റ് നാല് ശ്രദ്ധേയമായ സിനിമകള്‍ക്കൊപ്പം ‘യങ് ജൂറി പ്രൈസി’നായുള്ള മത്സരത്തില്‍ ‘ഫാമിലി’യെ തെരഞ്ഞെടുത്തതാണ് കോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ഹൈലൈറ്റുകളിലൊന്ന്.
Story Highlights: Family movie to make Irish premiere at 68th Cork International Film Festival