ഓണം ബമ്പർ എടുത്തോ ? ഈ നിബന്ധനകൾ ഉറപ്പായും അറിഞ്ഞിരിക്കണം

ഇത്തവണ ഓണം ബമ്പർ ടിക്കറ്റ് വിൽപന പൊടിപൊടിച്ചിരിക്കുകയാണ്. സർവകാല റെക്കോർഡുകൾ മറികടന്നാണ് ഇത്തവണത്തെ ലോട്ടറി വിൽപന നടന്നിരിക്കുന്നത്. കഴിഞ്ഞവർഷം 67.5 ലക്ഷം ലോട്ടറികൾ അച്ചടിച്ചപ്പോൾ 66.5ലക്ഷം ലോട്ടറികളാണ് വിറ്റുപോയിരുന്നത്. ഇത്തവണ 80 ലക്ഷം ലോട്ടറിയാണ് നാലു ഘട്ടങ്ങളിലായി ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതിൽ ഇതുവരെ 71 ലക്ഷത്തോളം ലോട്ടറി വിറ്റുപ്പോയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ( onam bumper 2023 rules and regulations )
നിബന്ധനകളും വ്യവസ്ഥകളും
ടിക്കറ്റ് വാങ്ങിയാലുടൻ ടിക്കറ്റിന്റെ മറുവശത്ത് സ്വന്തം പേരും ഒപ്പും മേൽവിലാസവും രേഖപ്പെടുത്തണം. ഒന്ന് മുതൽ മൂന്ന് വരെയുള്ള സമ്മാനങ്ങൾ വിൽക്കപ്പെട്ട ടിക്കറ്റുകളിൽ ഉറപ്പാക്കി നറുക്കെടുപ്പ് നടത്തും. ബാക്കി സമ്മാനങ്ങളുടെ എണ്ണം വിൽക്കപ്പെടുന്ന ടിക്കറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ ബാക്കി 9 പരമ്പരകളിലുള്ള അതേ നമ്പർ ടിക്കറ്റുകൾക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.
1 മുതൽ 4 വരെ സമ്മാനാർഹമായ ടിക്കറ്റുകൾ, സമാശ്വാസ സമ്മാനാർഹമായ ടിക്കറ്റുകൾ എന്നിവയുടെ സമ്മാനത്തുകയിൽ നിന്ന് 10 ശതമാനം കിഴിവ് ചെയ്ത് പ്രസ്തുത ടിക്കറ്റുകൾ വിറ്റ ഏന്റിന് സമ്മാനമായി നൽകും. 5 മുതൽ 8 വരെ സമ്മാനാർഹമായ ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ പത്ത് ശതമാനം വീതം പ്രസ്തുത ടിക്കറ്റ് വിറ്റ ഏജന്റിന് സമ്മാനമായി സർക്കാർ ഫണ്ടിൽ നിന്ന് നൽകും.
സമ്മാനാർഹർ നറുക്കെടുപ്പ് തിയതി മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റുകൾ നേരിട്ടോ ദേശോത്കൃത /ഷെഡ്യൂൾഡ്/ കേരള ബാങ്ക് വഴിയോ ആവശ്യമായ രേഖകൾ സഹിതം ഭാഗ്യക്കുറി ഓഫിസിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപറ്റണം.
ലോട്ടറിയിൽ നിന്നുള്ള 5,000 രൂപ വരെ സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലാണ് നിങ്ങൾ അടിച്ച സമ്മാനത്തുകയെങ്കിൽ ലോട്ടറി ഓഫ്സുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി മാറ്റിയെടുക്കണം. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.
സമ്മാനം
ഇത്തവണയും ഒന്നാം സമ്മാനം 25 കോടി രൂപയാണെങ്കിലും ഈ വർഷം ഒരുപാട് കോടീശ്വന്മാർ ഉണ്ടാകും. രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ ആകർഷകമാക്കിയാണ് ഇത്തവണത്തെ ഓണം ബമ്പർ എത്തുന്നത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ ഈ വർഷം 20 പേർക്കാണ് ലഭിക്കുന്നത്. കഴിഞ്ഞതവണ അഞ്ചു കോടി രൂപയായിരുന്നു രണ്ടാം സമ്മാനം. ഇത് ഒരാൾക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കാണ് ഇക്കുറി നൽകുക.
നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേർക്ക് എന്നിവയ്ക്ക് പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാഗ്യവാന്മാരെ കാത്തിരിക്കുന്നുണ്ട്. ഏജന്റുമാർക്കും ഇത്തവണത്തെ ഓണം ബമ്പർ വിൽപനയിലെ വരുമാനത്തിൽ മാറ്റമുണ്ട്.
തിരുവോണം ബമ്പർ ഏജന്റിന് ഒന്നാം സ്ലാബിൽ 96രൂപ+1രൂപ ഇൻസെന്റീവും രണ്ടാം സ്ലാബിൽ 100 രൂപ +1 രൂപ ഇൻസെന്റീവുമാണ് ഈ ഓണം ബമ്പർ വിൽപ്പനയിലൂടെ ലഭിക്കുക. നിലവിൽ തിങ്കൾ മുതൽ ഞായർ വരെ യഥാക്രമം വിൻവിൻ, സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ് , നിർമ്മൽ, കാരുണ്യ, ഫിഫ്റ്റിഫിഫ്റ്റി എന്നീ ടിക്കറ്റുകൾ വിപണിയിലെത്തുന്നുണ്ട്. ഓരോ ദിവസവും ഒരു കോടി രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. ഇതിലൂടെ പ്രതിദിന വിറ്റുവരവായി 40 കോടി രൂപയാണ് ലഭിക്കുന്നത്.
Story Highlights: onam bumper 2023 rules and regulations