മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് കെഎസ്ആർടിസി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോഗസ്ഥരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. കട്ടപ്പന യൂണിറ്റിലെ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ കെ.കെ കൃഷ്ണൻ, ഇൻസ്പെക്ടർ പി.പി തങ്കപ്പൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഈ മാസം 18ന് വിജിലൻസ് ഓഫീസറുടെ നിർദ്ദേശ പ്രകാരം കട്ടപ്പന ഡിപ്പോയിൽ വിജിലൻസ് നടത്തിയ പരിശോധനയ്ക്കിടെ ഇവരോട് സംസാരിച്ചപ്പോൾ രൂക്ഷമായ മദ്യത്തിന്റെ ഗന്ധവും, ഭാഷയിൽ അവ്യക്തതയും കണ്ടെത്തുകയായിരുന്നു. തുടർന്ന് അദർ ഡ്യൂട്ടി ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തവെ ഇരുവരും മദ്യപിച്ചതായി കണ്ടെത്തുകയുമായിരുന്നു.
കോർപ്പറേഷനിൽ നടക്കുന്ന ക്രമക്കേടുകളും കുറ്റകൃത്യങ്ങളും കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടതും മറ്റ് ജീവനക്കാർക്ക് മാതൃകയുമാകേണ്ട സൂപ്പർവൈസറി തസ്തികയിലുള്ള ജീവനക്കാർ ഡ്യൂട്ടി സമയം മദ്യപിച്ചത് ഗുരുതരമായ വീഴ്ചയാണ്. ജീവനക്കാർ മദ്യപിച്ച് കൊണ്ട് ഡിപ്പോ പരിസരത്ത് എത്തുകയോ, ഡ്യൂട്ടി നിർവ്വഹിക്കാൻ പാടില്ലെന്ന സിഎംഡിയുടെ ആവർത്തിച്ചുള്ള ഉത്തരവ് നിലനിൽക്കെ അത് ലംഘിച്ചതാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഇരുവരേയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
Story Highlights: Two KSRTC officials were suspended for coming to duty drunk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here