3000 രൂപയെ ചൊല്ലി തർക്കം: വെളുത്തുള്ളി വ്യാപാരിയെ മർദിച്ച് നഗ്നനാക്കി നടത്തിച്ചു, രണ്ട് പേർ അറസ്റ്റിൽ

കടം വാങ്ങിയ പണം തിരിച്ചടക്കാത്തതിന് വെളുത്തുള്ളി വ്യാപാരിയെ നഗ്നനാക്കി മാർക്കറ്റിലൂടെ നടത്തിച്ചു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. വ്യാപാരിയെ മർദിക്കുകയും നഗ്നനാക്കി നടത്തിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെപ്തംബർ 18-ന് തിങ്കളാഴ്ച ഉച്ചയ്ക്ക് നോയിഡയിലെ ഫേസ്-2 മാണ്ഡിയിലാണ് സംഭവം. ഇരയായ വെളുത്തുള്ളി വ്യാപാരി ഒരു മാസം മുമ്പ് സുന്ദർ എന്ന കമ്മീഷൻ ഏജന്റിൽ നിന്ന് 5,600 രൂപ കടം വാങ്ങിയിരുന്നു. ‘അദിയകൾ’ എന്നറിയപ്പെടുന്ന ഈ ഏജന്റുമാർ കർഷകർക്കും വ്യാപാരികൾക്കും ഇടയിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നവരാണ്. കടം വാങ്ങിയ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഉച്ചയോടെ കമ്മീഷൻ ഏജന്റ് വ്യാപാരിയെ സമീപിച്ചു.
2500 രൂപ നൽകിയ വ്യാപാരി ബാക്കി തുക നൽകാൻ കുറച്ചു സമയം ആവശ്യപ്പെട്ടു. ഇതിൽ ക്ഷുപിതനായ സുന്ദർ തൻ്റെ ആളുകളെ വിളിച്ചുവരുത്തി. വ്യാപാരിയെ രണ്ട് പേർ ചേർന്ന് മർദിക്കുകയും ബലമായി വസ്ത്രം വലിച്ചുകീറുകയും ചെയ്തു. തുടർന്ന് മാർക്കറ്റിലൂടെ നഗ്നനാക്കി നടത്തി. പണം തിരികെ നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഇരയായ വെളുത്തുള്ളി വിൽപനക്കാരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Story Highlights: Noida Garlic Vendor Thrashed Paraded Naked Over 3000 Loan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here