‘കെഎം ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യം’; വീണാ ജോർജിനെതിരായ കെഎം ഷാജിയുടെ പ്രസ്താവന സ്ത്രീവിരുദ്ധമെന്ന് ഡിവൈഎഫ്ഐ

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നടത്തിയിട്ടുള്ള പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് ഡിവൈഎഫ്ഐ. പുരോഗമന രാഷ്ട്രീയത്തിന് എതിരായും, വർഗ്ഗീയമായും മാത്രം സംസാരിക്കുന്ന കെഎം ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യമാണെന്ന് ഈ പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുകയാണ്. പിന്തിരിപ്പൻ രാഷ്ട്രീയത്തിന്റെ ജീർണ്ണത വെളിവാക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ പ്രതിഷേധാർഹമാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
സ്ത്രീകൾ ഉന്നത പദവികൾ വഹിക്കുന്നതും , രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വത്തിലേക്ക് വരുന്നതും അംഗീകരിക്കാൻ കഴിയാത്ത മാനസികാവസ്ഥയുള്ള വ്യക്തിയാണ് കെ.എം ഷാജി. ഇത്തരത്തിലുള്ളവരെ നിലക്കുനിർത്തുവാൻ മുസ്ലിം ലീഗ് തയ്യാറാവണം. ഷാജിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.
അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു വീണാ ജോർജിനെതിരായ കെ.എം ഷാജിയുടെ പരാമർശം. മലപ്പുറം കുണ്ടൂർ അത്താണി മുസ്ലിം ലീഗ് സമ്മേളന വേദിയിൽ സംസാരിക്കവെയാണ് കെ.എം ഷാജി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യത. വീണാ ജോർജിന് ഒരു കുന്തവും അറിയില്ല. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യത. ആരോഗ്യമന്ത്രി ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്.
മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രഗത്ഭയല്ലെങ്കിലും നല്ല കോ-ഓർഡിനേറ്റർ ആയിരുന്നുവെന്ന് പറഞ്ഞ ഷാജി ദുരന്തം എന്ന് കേൾക്കുമ്പോൾ ഇടതുപക്ഷം സന്തോഷിക്കുകയാണെന്നും കുറ്റപ്പെടുത്തി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം പരിഹസിച്ചു. നിപ എന്ന് കേൾക്കുമ്പോൾ വവ്വാലിനെയും ദുരന്തം എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രിയേയുമാണ് ഓർമ്മ വരുന്നതെന്നും കെ.എം ഷാജി പറഞ്ഞിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here