Advertisement

‘വനിതാ കമ്മിഷന്‍ കേസെടുത്തത് പ്രതിഷേധാര്‍ഹം’; കെ എം ഷാജിയെ പിന്തുണച്ച് എം കെ മുനീര്‍

September 24, 2023
Google News 3 minutes Read
M K Muneer against Women's Commission case against K M Shaji

മന്ത്രി വീണാ ജോര്‍ജിനെതിരായ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മിഷന്‍ കെ എം ഷാജിയ്‌ക്കെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹമെന്ന് എം കെ മുനീര്‍ എംഎല്‍എ. ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന് തുല്യമാണെന്ന് എം കെ മുനീര്‍ വിമര്‍ശിച്ചു. കേന്ദ്രത്തിന് ഇഡി എന്നപോലെ കേരളത്തില്‍ വനിതാ കമ്മീഷനെയും പൊലീസിനെയും പ്രതികാരം തീര്‍ക്കാനുള്ള ഉപാധിയാക്കി ഇടതുസര്‍ക്കാര്‍ മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍. (M K Muneer against Women’s Commission case against K M shaji )

സിപിഐഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളില്‍ വിജിലന്‍സോ ക്രൈംബ്രാഞ്ചോ വനിതാ കമ്മീഷനോ ഇടപെടുന്നില്ലെന്നും എം കെ മുനീര്‍ പറയുന്നു. ഏത് സ്ത്രീപീഡനം ആയാലും അശ്ലീല പരാമര്‍ശങ്ങള്‍ ആയാലും അവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ല. അതുകൊണ്ടാണ് എംഎം മണിയും വിജയരാഘവനും വിഎസ് അച്യുതാനന്ദനും ഒക്കെ ഒരു പോറലും ഏല്‍ക്കാതെ വിമര്‍ശിക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ വേട്ടയാടുകയാണെന്നും എം കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തില്‍ നിന്നും ഒരല്പവും വ്യത്യസ്തമല്ല. കേന്ദ്രത്തിന് ഇഡി എന്ന പോലെ വനിത കമ്മീഷനും പോലിസുമൊക്കെ പ്രതികാരം തീര്‍ക്കാന്‍ മാത്രമുള്ള ഒരു പ്രസ്ഥാനമായി കേരളത്തില്‍ മാറിയിട്ട് കാലം കുറച്ചായി.എന്നാല്‍ സി പി എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു വിഴ്ചക്കും വിജിലന്‍സോ ക്രൈംബ്രാഞ്ചോ വനിത കമ്മീഷനോ ചെറുവിരല്‍ പ്രതിരോധമുയര്‍ത്താന്‍ തയ്യാറല്ല. അത്തരം സന്ദര്‍ഭങ്ങളിലൊക്കെയും പാര്‍ട്ടി കോടതിയും പാര്‍ട്ടി പൊലീസുമായി നിയമം വഴിമാറ്റപ്പെടും. നിരുപാധികം ആ പ്രതികളെ പാര്‍ട്ടി വിട്ടയക്കുകയും ചെയ്യും. പാര്‍ട്ടി ഇതിനായി നിയോഗിക്കുന്ന കമ്മിഷനുകള്‍ ഉന്നത സിപിഎം നേതാക്കളായിരിക്കും. ഏത് സ്ത്രീപിഡനമായാലും അശ്ലീല പരാമര്‍ശങ്ങളായാലും അവര്‍ക്കെതിരെ ഒരു നടപടിയും കേട്ടുകേള്‍വിയില്ല. അത് കൊണ്ടാണ് എം.എം. മണിയും വിജയരാഘവനും വി.എസ്. അച്യുതാനന്ദനുമൊക്കെ ഒരു പോറലുപോലുമേല്‍ക്കാതെ ആരെയും എങ്ങനെയും അവഹേളിക്കാമെന്നും സ്ത്രീത്വത്തെ സമൂഹത്തിന് മുന്നില്‍ എങ്ങനെ പിച്ചിച്ചീന്താമെന്നും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. വിജയ രാഘവന്‍ പരസ്യമായി ആലത്തൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയിട്ടുള്ള പരമാര്‍ശത്തിന്റെ പേരില്‍ ഒരു കമ്മീഷന്റെ മുന്നിലും പോയിരിക്കേണ്ടി വന്നിട്ടില്ല. വി.എസ്. അച്യതാനന്ദന്‍ നിയമസഭക്ക് അകത്തും പുറത്തും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ കുറിച്ചും അദ്ദേഹത്തെ വ്യക്തിപരമായും വളരെ നികൃഷ്ടമായ രീതിയില്‍ ചിത്രീകരിച്ചിട്ടും ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല.ഒരു സ്ത്രീ പക്ഷവാദികളും ആ സമയത്ത് ശബ്ദിച്ചിട്ടില്ല. എം.എം. മണി സ്ത്രീകളുടെ മാനത്തെ പോലും ചോദ്യം ചെയ്യുന്ന ജീര്‍ണ്ണിച്ച പ്രയോഗങ്ങള്‍ പരസ്യമായി പറഞ്ഞപ്പോള്‍ മണി ഇവരുടെയൊക്കെ ഹീറോയായി മാറുന്നതാണ് കണ്ടത്.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വീരകേസരിയായി എംഎം മണി അഭിമാനപൂര്‍വ്വം ജൈത്രയാത്ര തുടരുന്നു.! വ്യക്തിപരമായ അവഹേളനത്തിന്റെ തലം ഉണ്ടെന്ന് വിശേഷിപ്പിക്കാന്‍ ഒരര്‍ത്ഥത്തിലും കഴിയാത്ത ഒരു പരമാര്‍ശത്തിന്റെ പേരില്‍ കെ.എം. ഷാജിയുടെ പേരില്‍ വനിത കമ്മിഷന്‍ സ്വമേധയാ,യുദ്ധകാലാടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുകയാണിപ്പോള്‍. ആരോഗ്യമന്ത്രിക്ക് പോലും ഇത് മറുപടി പറയേണ്ട ഒന്നല്ല എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ പോലും ആ പ്രസ്താവനയെ അമാന്യമായി കാണുന്നില്ല എന്ന് വ്യക്തം. പക്ഷേ ഇതില്‍ കയറിക്കൊത്തി വിവിധ രീതിയില്‍ ഇതിന് മാനങ്ങള്‍ നല്‍കുകയാണ് സിപിഎമ്മും അവരുടെ സൈബര്‍ ഗ്യാങ്‌സും.നയപരമായും ആശയപരമായും ഇടതുപക്ഷ ഭരണത്തെയും സി പി എമ്മിന്റെ അധികാര ധാര്‍ഷ്ട്യങ്ങളെയും എതിര്‍ക്കുന്നവരെ പ്രതിയോഗികളായി കാണുകയും അവരെ ജയിലിലടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. മാത്യു കുഴല്‍നാടനും മുമ്പ് പി.ടി. തോമസുമൊക്കെ സി പിഎമ്മില്‍ നിന്നും നേരിട്ട ആക്രമണങ്ങള്‍ അവര്‍ക്ക് അപ്രിയമായ സത്യങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു.ലൈഫ് പദ്ധതി ക്രമക്കേടുകളെ ചോദ്യം ചെയ്തതാണ് അനില്‍ അക്കരെ ഇന്നും വേട്ടയാടപ്പെടാനുള്ള കാരണം.വി.ടി.ബല്‍റാം സി പിഎമ്മിനാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടതും അദ്ദേഹം ശക്തമായ ഭാഷയില്‍ ഇടതുപക്ഷത്തിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്തതിനാലാണ്. പ്രതിപക്ഷ നേതാവിന്റേയും പ്രതിപക്ഷത്തെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടിയുടേയും ദൗത്യം ജനങ്ങള്‍ക്ക് വേണ്ടി നിര്‍വ്വഹിച്ചതിനാണ് ഏറ്റവുമൊടുവില്‍,വി ഡി സതീശനും കെ സുധാകരനുമെതിരെ കേസ്സെടുത്തത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഇത്തരത്തില്‍ ചോദ്യം ചെയ്യുന്ന എല്ലാ മനുഷ്യരേയും നിശബ്ദമാക്കുകയാണ് ലക്ഷ്യം. വിമര്‍ശനം ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ല എന്ന നിലപാടാണ് ഇടതുപക്ഷത്തേയും നേതൃത്വം നല്‍കുന്ന സി പി എമ്മിനേയും നയിക്കുന്ന ചേതോവികാരം.ആരോഗ്യ മന്ത്രിയെ പരാമര്‍ശിച്ച് കഴിഞ്ഞാല്‍ അത് സ്ത്രീത്വത്തിനെതിരെയുള്ള നീക്കമാണ് എന്ന് വ്യാഖ്യാനിക്കുകയാണ്. ലിംഗസമത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ ഇങ്ങനെ ചെയ്യുമ്പോള്‍ സത്യത്തില്‍ അത്ഭുതം തോന്നുന്നു. ആരോഗ്യ മന്ത്രി എന്ന് പറയുന്നത് ലിംഗാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണോ?. അവര്‍ ആ മന്ത്രി സഭയിലെ ഏതൊരു മന്ത്രിയെയും പോലെ തുല്യാവകശാമുള്ള ഒരു വ്യക്തിയാണ് എന്ന വിവേകം പുരോഗമന സമൂഹത്തിനുണ്ട്;

എന്നിരിക്കേ,ആരോഗ്യ മന്ത്രിക്കെതിരെ സംസാരിച്ചാല്‍ അത് സ്ത്രീത്വത്തിനെതിരെയുള്ള നിലപാടായി അത്യുക്തി കലര്‍ത്തി അവതരിപ്പിക്കുകയാണ്. ഈ സമീപനം ശരിയായ രീതിയാണോ എന്ന് ഇടതുപക്ഷം ചിന്തിക്കുന്നത് നല്ലതായിരിക്കും. ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍ മന്ത്രിസഭയിലെ മുഖ്യമന്ത്രിയടക്കമുള്ള എല്ലാവരും തുല്യരാണ്.അങ്ങനെയാണ് സമൂഹം കാണുന്നത്.അവിടെ ലിംഗ വ്യതിരിക്തതകള്‍ പ്രസക്തമാണെന്ന് തോന്നുന്നില്ല.അതത് വകുപ്പുകളുടെ വീഴ്ചകള്‍ വിമര്‍ശിക്കുമ്പോഴും പ്രസ്തുത വകുപ്പിനെ നയിക്കുന്ന വ്യക്തി പരാമര്‍ശിക്കപ്പെടുമ്പോഴും മാത്രം ഉണരുന്ന സ്ത്രീ പക്ഷ ബോധമല്ലേ യഥാര്‍ത്ഥത്തില്‍ പൊളിറ്റിക്കലി ഇന്‍ കറക്റ്റ് ആയിട്ടുള്ളത്..

സ്ത്രീത്വമെന്നത് അധികാര രാഷ്ട്രീയത്തിന്റെ ന്യൂനതകളെ പ്രതിരോധിക്കാനുള്ള ടൂള്‍ മാത്രമായി ദുരുപയോഗം ചെയ്യപ്പെടുന്നത് ശരിയായി തീരുന്നതെങ്ങനെയാണ്..?

Story Highlights: M K Muneer against Women’s Commission case against K M Shaji

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here