Advertisement

കുരുക്കഴിക്കാന്‍ പുതിയ പരീക്ഷണം; ബെംഗളൂരു നഗരത്തിൽ തിരക്കേറിയ റോഡില്‍ കയറാന്‍ ഇനി അധികനികുതി

September 25, 2023
Google News 1 minute Read

ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് ഏറെ ചർച്ചാവിഷയമാണ്. ഇതിനൊരു പരിഹാരം കാണാന്‍ പുതിയ പരീക്ഷണത്തിനൊരുങ്ങി സർക്കാർ. ആസൂത്രണവകുപ്പിന്റെ നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയില്‍ എടുത്തിരിക്കുകയാണ്. സംസ്ഥാനത്തെ ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയാക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ആസൂത്രണ വകുപ്പ് നിര്‍ദേശം മുന്നോട്ടുവെച്ചത്.

ഇങ്ങനെ അധിക നികുതി ഈടാക്കുമ്പോൾ ആവശ്യക്കാർ മാത്രമേ ഇത്തരം റോഡുകള്‍ ഉപയോഗിക്കുകയുള്ളു. ഇങ്ങനെ ലഭിക്കുന്ന അധികവരുമാനം നഗരത്തിലെ റോഡ് വികസനത്തിനുവേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യാമെന്നും റിപ്പോർട്ടിൽ പറയുന്നു. വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന രാവിലെയും വൈകുന്നേരവും മാത്രമായിരിക്കും നിയന്ത്രണമുണ്ടാകുക.

നഗരത്തില്‍ ചുരുങ്ങിയത് ഒമ്പത് റോഡുകളിലെങ്കിലും ഇത്തരമൊരു സംവിധാനം കൊണ്ടുവരണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. ബെല്ലാരി റോഡ്, തുമകൂരു റോഡ്, മഗഡി റോഡ്, മൈസൂരു റോഡ്, കനകപുര റോഡ്, ബെന്നാര്‍ഘട്ട റോഡ്, ഹൊസൂര്‍ റോഡ്, ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ്, ഓള്‍ഡ് മദ്രാസ് റോഡ് എന്നിവിടങ്ങളിലാണ് അധികനികുതി ഈടാക്കേണ്ടത്. ടോള്‍ പിരിക്കുന്നതിനു സമാനമായി വാഹനങ്ങളില്‍ ഘടിപ്പിച്ച ഫാസ്റ്റ്ടാഗില്‍നിന്ന് തുകയീടാക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ റോഡുകള്‍ ഉപയോഗിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് സമാന്തരറോഡുകളിലൂടെ സഞ്ചരിക്കാം. വിദേശനഗരങ്ങളിൽ ഇത്തരം രീതികൾ നടപ്പാക്കിയിട്ടുണ്ട്. സിങ്കപ്പൂരില്‍ പകല്‍സമയങ്ങളില്‍ തിരക്കനുസരിച്ച് വ്യത്യസ്തനിരക്കാണ് ഈടാക്കുന്നത്.

Story Highlights: additional-tax-for-vehicles-to-enter-busy-roads-bangalore-city-traffic-traffic-block

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here