ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കിയെന്ന പരാതി; ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയെന്ന പരാതിയിൽ ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിഡിയയുടെ അറസ്റ്റാണ് കോടതി തടഞ്ഞത്. കേസിൽ കോടതി സർക്കാരിന്റെയും, എക്സൈസ് ക്രൈംബ്രാഞ്ചിന്റെയും വിശദീകരണം തേടിയിരിക്കുകയാമ്.
അന്വേഷണ സംഘം രണ്ടു തവണ ലിഡിയയെ ചോദ്യം ചെയ്തിരുന്നു. കേസിൽ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘം ഭീഷണി മുഴക്കിയെന്ന് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ലിഡിയ വിശദീകരിക്കുന്നു. ഷീല സണ്ണി സഹോദരിയിൽ നിന്ന് പണം ആവശ്യപ്പെട്ടിരുന്നതായും ലിഡിയ പറയുന്നുണ്ട്.
മാരക ലഹരിമരുന്നായ എൽഎസ്ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി ഷീല സണ്ണിയെ (51) 72 ദിവസം ജയിലിലടച്ച സംഭവത്തിലാണ് പിന്നീട് വഴിത്തിരിവുണ്ടായത്. ചാലക്കുടി ഷീ സ്‌റ്റൈൽ ബ്യൂട്ടി പാർലർ ഉടമയായ ഷീലയുടെ ബാഗിൽനിന്ന് എക്‌സൈസ് പിടിച്ചത് എൽഎസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഷീല എൽഎസ്ഡി കൈവശം വച്ചിട്ടുണ്ടെന്ന് അറിയിച്ചയാൾക്കായി എക്‌സൈസ് നടത്തിയ അന്വേഷണത്തിലാണ്, ഷീലയുടെ മരുമകളുടെ സഹോദരിയുടെ പേര് ഉയർന്നുവന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here