‘സിനിമയുള്ളിടത്തോളം കാലമത്രയും ആ ഊശാന്താടികാരൻ സംവിധായകന്റെ ചിരിയിവിടെത്തന്നെയുണ്ടാകും’; ആശാനെ ഓർമിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

അന്തരിച്ച സംവിധായകൻ കെജി ജോർജിനെ ഓർമിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. കെജി ജോർജിനെ ആശാൻ എന്നുവിളിച്ചാണ് ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റ്. താൻ കെജി ജോർജിൻ്റെ സിനിമകളിൽ പ്രചോദിതനായാണ് സിനിമാ സംവിധായകനായതെന്ന് ലിജോ മുൻപ് പറഞ്ഞിട്ടുണ്ട്. (kg george lijo jose)
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
സിനിമക്കുള്ളിലെ എല്ലാം തകിടം മറിച്ചിട്ട ഒരു കൂട്ടം കഥാപാത്രങ്ങൾ ആ കഥ കവിഞ്ഞൊഴുകി. ചിന്തയുടെ നാലാമത്തെ ചുവര് തകർത്തു പുറത്തേക്കോടിയ കഥാപാത്രങ്ങളുടെ വിപ്ലവം കണ്ടു മത്തു പിടിച്ച മലയാള നവതരംഗത്തിന്റെ പിതാവ് തന്റെ ഫ്രഞ്ച് ഊശാന്താടിയിൽ വിരലോടിച്ച ശേഷം ആർത്തട്ടഹസിച്ചു.
ആദ്യം കാണുമ്പോൾ സ്വപ്‌നാടകനായ ഒരു ചെറുപ്പക്കാരന്റെ മനസ്സിന്റെ ചുരുളുകൾക്കിടയിൽ എന്തോ തിരയുകയാരുന്നു അയാൾ. പിന്നീട് പുതുതായി പണിത ഐരാവതക്കുഴി പഞ്ചായത്തിലെ പാലം തകർന്നപ്പോൾ ആൾക്കൂട്ടത്തിനിടയിൽ, ഭാവന തീയേറ്റേഴ്സിൽ നിന്നും കാണാതായ തബലിസ്റ്റ് അയ്യപ്പൻറെ കേസന്വേഷിക്കാൻ വന്ന പൊലീസുകാർക്കിടയിൽ, ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയ അപമാനത്തിൽ ആത്മഹത്യ ചെയ്ത ഒരാളുടെ പ്രേതമടിഞ്ഞ കടൽക്കരയിൽ, സർക്കസ് കൂടാരത്തിനുള്ളിലെ ആരവങ്ങൾക്കിടയിൽ തല കുനിച്ചു നിന്ന ഒരു കുള്ളന് പുറകിൽ, കോടമ്പാക്കത്തെ തിരക്കിൽ അലിഞ്ഞില്ലാതായ ലേഖ എന്ന സിനിമാനടിയുടെ ഫ്ലാഷ്ബാക്കിലെ ഇരുട്ടിടനാഴിയിൽ, കടത്തു കടന്നു ചെല്ലുന്ന ഒരു ഗ്രാമത്തിലെ മനുഷ്യക്കോലങ്ങളിരുന്ന നാടൻ കള്ളുഷാപ്പിലെ മദ്യപർക്കിടയിൽ, റബ്ബർ പാലിന് നിറം ചുവപ്പാണെന്നു പറഞ്ഞലറി വിളിച്ച ഒരു ചെറുപ്പക്കാരന്റെ കടും നിറമുള്ള കണ്ണിൽ.
അങ്ങിനെ അങ്ങിനെ ഒരുപാടിടങ്ങളിൽ ആ ചിരിയുണ്ടായിരുന്നു…
സിനിമയുള്ളിടത്തോളം കാലമത്രയും ആ ഊശാന്താടികാരൻ സംവിധായകന്റെ ചിരിയിവിടെ തന്നെയുണ്ടാകും. അത് കേൾക്കുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരിൽ ഒരാൾ മലയാളത്തിന്റെ കെ.ജി ജോർജ് ആണെന്നും, അദ്ദേഹമാണ് എന്റെ ആശാൻ എന്നും ഞാൻ അഭിമാനത്തോടെ ഓർക്കും .
ലിജോ
ഇന്നലെ കാക്കനാട് വയോജന കേന്ദ്രത്തിൽ വച്ചാണ് കെജി ജോർജ് അന്തരിച്ചത്. 77 വയസായിരുന്നു. മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം.
Story Highlights: kg george lijo jose pellissery facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here