Advertisement

കേരളം ഭരിക്കുന്നത് എന്‍.ഡി.എ- എല്‍.ഡി.എഫ് സഖ്യകക്ഷി സര്‍ക്കാര്‍; വി.ഡി സതീശന്‍

September 26, 2023
Google News 2 minutes Read

കേരളം ഭരിക്കുന്നത് എന്‍.ഡി.എ- എല്‍.ഡി.എഫ് സഖ്യകക്ഷി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.എസ് ഏത് സാഹചര്യത്തിലാണ് എല്‍.ഡി.എഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതൃത്വവും തയാറാകണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയില്‍ ചേര്‍ന്നതായി ജെ.ഡി.എസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും പിണറായി വിജയന്‍ മന്ത്രിസഭയില്‍ ജെ.ഡി.എസിന്റെ പ്രതിനിധി ഇപ്പോഴും മന്ത്രിയായി തുടരുകയാണ്. ബി.ജെ.പി വിരുദ്ധതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയോ എല്‍.ഡി.എഫോ ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കാന്‍ തയാറാകാത്തതും വിചിത്രമാണ്.

ബി.ജെ.പിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച ‘ഇന്ത്യ’ എന്ന വിശാല പ്ലാറ്റ്ഫോമില്‍ പാര്‍ട്ടി പ്രതിനിധി വേണ്ടെന്ന് സി.പി.ഐ.എം തീരുമാനിച്ചതും കേരള ഘടകത്തിന്റെ തീരുമാനത്തിന് വഴങ്ങിയാണ്. ലാവലിനും സ്വര്‍ണക്കടത്തും മാസപ്പടിയും ബാങ്ക് കൊള്ളയും ഉള്‍പ്പെടെയുള്ള അഴിമതികളിലെ ഒത്തുതീര്‍പ്പും മോദിയോടുള്ള പിണറായി വിജയന്റെ വിധേയത്വവുമാണ് കേന്ദ്ര നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സി.പി.ഐ.എം കേരള ഘടകത്തെ പ്രേരിപ്പിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എന്‍.ഡി.എയ്ക്കൊപ്പം ചേര്‍ന്ന ജെ.ഡി.എസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ട് വേണം സി.പി.ഐ.എം നേതാക്കള്‍ സംഘപരിവാര്‍ വിരുദ്ധത സംസാരിക്കാന്‍. ഇതിനുള്ള ആര്‍ജ്ജവം കേരളത്തിലെ മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും ഉണ്ടോയെന്നു മാത്രമെ ഇനിഅറിയേണ്ടതുള്ളൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Story Highlights: Kerala is ruled by NDA-LDF coalition government, VD Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here