ഏഷ്യൻ ഗെയിംസ്: 9 പന്ത്, 8 സിക്സ്; ക്രിക്കറ്റിലെ അതിവേഗ ഫിഫ്റ്റി നേപ്പാൾ താരം ദീപേന്ദ്ര സിംഗ് അയ്രിയ്ക്ക്

ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ ഫിഫ്റ്റി എന്ന റെക്കോർഡ് ഇനി നേപ്പാൾ താരം ദീപേന്ദ്ര സിംഗ് അയ്രിയ്ക്ക് സ്വന്തം. വെറും 9 പന്തിലാണ് ദീപേന്ദ്ര സിംഗ് റെക്കോർഡ് കുറിച്ചത്. ഏഷ്യൻ ഗെയിംസ് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ മംഗോളിയക്കെതിരെയാണ് താരത്തിൻ്റെ നേട്ടം. 2007 ടി-20 ലോകകപ്പിൽ യുവരാജ് സിംഗ് ഇംഗ്ലണ്ടിനെതിരെ 12 പന്തിൽ അർദ്ധസെഞ്ചുറി തികച്ചതാണ് പഴങ്കഥയായത്.
മംഗോളിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 314 റൺസെന്ന പടുകൂറ്റൻ സ്കോർ ആണ് പടുത്തുയർത്തിയത്. ഇത് രാജ്യാന്തര ടി-20യിലെ ഏറ്റവും ഉയർന്ന സ്കോറാണ്. ഓപ്പണർമാരായ കുശാൽ ഭുർട്ടലും (19) ആസിഫ് ഷെയ്ഖും (16) 100ൽ താഴെ സ്ട്രൈക്ക് റേറ്റിൽ നിരാശപ്പെടുത്തി പുറത്തായപ്പോൾ പിന്നീട് എത്തിയവരുടെ വിസ്ഫോടനാത്മക ഇന്നിംഗ്സ് നേപ്പാളിനെ കൂറ്റൻ സ്കോറിലെത്തിക്കുകയായിരുന്നു. 50 പന്തിൽ 137 റൺസ് നേടിയ കുശാൽ മല്ലയും 10 പന്തിൽ 52 റൺസ് നേടിയ ദീപേന്ദ്ര സിംഗും പുറത്താവാതെ നിന്നപ്പോൾ ക്യാപ്റ്റൻ രോഹിത് പൗഡൽ 27 പന്തിൽ 61 റൺസ് നേടി പുറത്തായി.
അയ്‌രിക്കൊപ്പം കുശാൽ മല്ലയും റെക്കോർഡ് നേട്ടത്തിലെത്തി. വെറും 34 പന്തിൽ സെഞ്ചുറി തികച്ച മല്ല ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറും ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയുടെ രോഹിത് ശർമയും 35 പന്തിൽ സെഞ്ചുറി നേടിയ റെക്കോർഡുകൾ തകർത്തു.
Story Highlights: asian games dipendra singh airee fastest fifty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here