Advertisement

മണിപ്പൂരിൽ പരിശോധന കർശനമാക്കി പൊലീസ്; അനധികൃത ആയുധങ്ങൾ പിടിച്ചെടുത്തു

September 27, 2023
Google News 2 minutes Read
manipur police guns sized

മണിപ്പൂരിൽ പരിശോധന കർശനമാക്കി പൊലീസ്. അനധികൃത ആയുധങ്ങൾ പിടിച്ചെടുത്തു. വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെ കേസ് അന്വേഷിക്കാൻ സിബിഐ സംഘം ഇന്ന് മണിപ്പൂരിലെത്തും. അതിനിടെ കലാപത്തിൽ പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. (manipur police guns sized)

വിവിധ ജില്ലകൾ നടത്തിയ പരിശോധനയിൽ പൊലീസ് ആയുധങ്ങൾ പിടിച്ചെടുത്തു. ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടാനായി ഉപയോഗിച്ചിരുന്ന ബങ്കറുകൾ പൊലീസ് തകർത്തു. ചുരാചന്ദ്പൂർ, ബിഷ്ണുപൂർ ജില്ലാ അതിർത്തികളിൽ പൊലീസ് സുരക്ഷ ശക്തമാക്കി.

ഇതിനിടെ, സിബിഐ സംഘം മണിപ്പൂരിലേക്ക് തിരിച്ചു. രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധം സംസ്ഥാനത്ത് ശക്തമാകുന്നതിനിടെയാണ് സിബിഐ ഡയറക്ടറും സംഘവും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരം മണിപ്പൂരിലേക്ക് തിരിച്ചത്. കുട്ടികൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ട നിലയിലുള്ള ഫോട്ടോകൾ പ്രചരിച്ചത്. അവസാനമായി കുട്ടികളുടെ ടവർ ലൊക്കേഷൻ ചുരാചന്ദ്പൂരി ലംധാൻ മേഖലയിൽ ആണെന്ന് അന്വേഷണസംഘം കണ്ടെത്തി. കുക്കി വിഭാഗക്കാർക്ക് സ്വാധീനമുള്ള മേഖലയാണിത്.

Read Also: മെയ്‌തെയ് കുട്ടികളുടെ കൊലപാതകം; സിബിഐ സംഘം മണിപ്പൂരില്‍

കുട്ടികൾ കൊല്ലപ്പെട്ടതിനു പിന്നാലെ കുക്കി വിഭാഗക്കാർക്കെതിരെ മെയ്തെയ്കളുടെ പ്രതിഷേധം ശക്തമാവുകയാണ്. ഇന്നലെ രാത്രി വൈകിയും ഇംഫാലില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ മെയ്‌തെയ് വിഭാഗക്കാരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. 50 ഓളം മെയ്‌തെയ്ക്കാര്‍ക്ക് പരുക്കേറ്റു. കുട്ടികളുടെ കൊലപാതകത്തിന് പിന്നില്‍ കുക്കി സംഘടനകളെന്ന് മെയ്‌തെയ് ആരോപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം വീണ്ടും ഏര്‍പ്പെടുത്തി. രണ്ട് ദിവസം സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു.

അതിനിടെ കലാപം ആരംഭിച്ച് 147 ദിവസമായിട്ടും പ്രധാനമന്ത്രിക്ക് സംസ്ഥാനം സന്ദർശിക്കാൻ സമയം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. മുഖ്യമന്ത്രിയെ പുറത്താക്കി പ്രധാനമന്ത്രി സമാധാനം പുനസ്ഥാപിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് നടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. ജൂലൈ ആറിന് കാണാതായ രണ്ട് മെയ്തെയ് കുട്ടികളാണ് കൊല്ലപ്പെട്ടത്. രണ്ട് കുട്ടികളെ ബന്ദികളാക്കിക്കൊണ്ട് ആയുധധാരികള്‍ നില്‍ക്കുന്ന ചിത്രമാണ് ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെ പുറത്തുവന്നിരിക്കുന്നത്. പിന്നാലെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന് നിര്‍ദേശം നല്‍കുകയായിരുന്നു.

കുട്ടികളെ കാണാതായതിന് പിന്നാലെ ജൂലൈ 19ന് പിതാന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തുടനീളം പൊലീസ് തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചത്.

Story Highlights: manipur police guns sized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here