Advertisement

‘ഹരിദാസന്റെ ആരോപണത്തിന് പിന്നില്‍ വി.ഡി സതീശനും സംഘവും’; നിയമന വിവാദം ഗൂഢാലോചനയെന്ന് പിവി അന്‍വര്‍

September 28, 2023
Google News 2 minutes Read
PV Anvar-VD satheesan-Haridas

നിയമന കോഴ വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് പിവി അന്‍വര്‍ എംഎല്‍എ. പരാതിക്കാരനായ ഹിരദാസിന്റെ ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മലപ്പുറം ജില്ലയിലെ പ്രമുഖനായ യുഡിഎഫ് എംഎല്‍എയുമാണെന്ന് അന്‍വര്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണം ഉന്നയിച്ചത്.

വി.ഡി സതീശനും മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ യുഡിഎഫ് എം.എല്‍.എ യും പരാതിക്കാരനായ ഹരിദാസനും ആലുവ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. പരാതിക്കാരനായ ഹരിദാസന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ഈ ഗൂഢാലോചന വെളിച്ചത്ത് കൊണ്ട് വരേണ്ടതുണ്ടെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പിവി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഹരിദാസന്റെ ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സംഘവും

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന് കൈക്കൂലി നല്‍കിയെന്ന വാദങ്ങള്‍ തള്ളി ദൃശ്യങ്ങള്‍ വന്നിരിക്കുന്നു. കോഴ വാങ്ങിയെന്ന് ആരോപിക്കുന്ന ദിവസം അഖില്‍ മാത്യു പത്തനംതിട്ടയില്‍ അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഈ ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ UDF എം.എല്‍.എ യും പരാതിക്കാരനായ ഹരിദാസനും ആലുവ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ഗൂഢാലോചന നടത്തിയത്. പ്രതിപക്ഷ നേതാവടക്കം UDF-ലെ ഉന്നതര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ജനശ്രദ്ധ തിരിച്ചു വിടാന്‍ നടത്തിയ ഈ പൊറാട്ട് നാടകം പൊട്ടിപൊളിഞ്ഞിരിക്കുന്നുവെന്ന് മനോരമയ്ക്ക് പോലും സമ്മതിക്കേണ്ടി വന്നു.

മുഖ്യമന്ത്രിക്കെതിരെ ദുരാരോപണങ്ങള്‍ നടത്തി അടപടലം പരാജയപ്പെട്ടപ്പോള്‍ കേരളത്തിലെ മന്ത്രിമാര്‍ക്കെതിരെ ഈ ഇടതുവിരുദ്ധ ദുഷ്ട സഖ്യം നടത്തുന്ന അസത്യ ജല്‍പനങ്ങള്‍ കേരള ജനത അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളികളയുമെന്നതില്‍ യാതൊരു സംശയവുമില്ല. പല മന്ത്രിമാര്‍ക്കെതിരെയും ഇത്തരം ഗൂഢാലോചനകള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന് ഞങ്ങള്‍ അറിയുന്നുണ്ട് സതീശാ.. ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതാവിന്റെ ഇത്തരം ദുഷ്ടപ്രവൃത്തികള്‍ക്കെതിരെ രംഗത്ത് വരണം.

ലോകത്തിന് ആകെ മാതൃകയായ രീതിയില്‍ കോവിഡിനെയും നിപയെയും നേരിട്ട് സമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്ന മുന്‍ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറുടെ അതേ പാതയില്‍ തന്നെയാണ് നമ്മുടെ പ്രിയപ്പെട്ട ആരോഗ്യ മന്ത്രി ശ്രീമതി.വീണ ജോര്‍ജൂം. ഈയടുത്ത് വീണ്ടും നിപയെന്ന മഹാമാരിയെ സധൈര്യം നേരിട്ട, രാപ്പകല്‍ വിശ്രമമില്ലാതെ തന്റെ സഹപ്രവര്‍ത്തകരൊപ്പം അധ്വാനിച്ച് വിജയം വരിച്ച ആരോഗ്യ മന്ത്രിയെയും അവരുടെ ഓഫീസിനെയും കരിവാരിത്തേക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

തന്റെ സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി നടത്തുന്ന ഇത്തരം മനുഷ്യത്വ രഹിതമായ പ്രവൃത്തി ഇനിയെങ്കിലും പ്രതിപക്ഷ നേതാവും സംഘവും അവസാനിപ്പിക്കണം. പരാതിക്കാരനായ ഹരിദാസന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ഈ ഗൂഢാലോചന വെളിച്ചത്ത് കൊണ്ട് വരേണ്ടതുണ്ട്.

Story Highlights: PV Anvar MLA alleges conspiracy in appointment bribery row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here