ഗർഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേർന്ന് ജീവനോടെ കത്തിച്ചു

ഉത്തർപ്രദേശിൽ ഗർഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേർന്ന് ജീവനോടെ കത്തിച്ചു. അവിവാഹിതയായ 23 കാരി ഗർഭിണിയായ വിവരം പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് ഭയന്നാണ് കൊലപാതക ശ്രമം. യുവതിയുടെ അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹാപൂരിലെ നവാദ ഖുർദ് ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ഇതേ ഗ്രാമത്തിലെ ഒരു യുവാവുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാളിൽ നിന്നാണ് യുവതി ഗർഭിണിയായത്. കഴിഞ്ഞ ദിവസം യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞു. പിന്നാലെ യുവതിയെ ക്രൂരമായി മർദ്ദിക്കാൻ തുങ്ങി.
വ്യാഴാഴ്ച അമ്മയും സഹോദരനും ചേർന്ന് യുവതിയെ അടുത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരീരത്തിൽ 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് (ഹാപൂർ) രാജ്കുമാർ അഗർവാൾ പറഞ്ഞു.
Story Highlights: Pregnant woman set on fire by mother, brother in Uttar Pradesh’s Hapur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here