Advertisement

‘ഒരു വശത്ത് മഹാത്മാഗാന്ധി, മറുവശത്ത് ഗോഡ്‌സെ’: കോൺഗ്രസ്-ബിജെപി പോരാട്ടത്തെക്കുറിച്ച് രാഹുൽ

September 30, 2023
Google News 2 minutes Read
‘Mahatma Gandhi on one side, Godse on other'_ Rahul Gandhi on Congress-BJP fight

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ബിജെപി ആശയങ്ങളെ മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയുടേതുമായി ഉപമിച്ചായിരുന്നു വിമർശനം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഷാജാപൂരിൽ ‘ജൻ ആക്രോശ് റാലി’യിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് എംപി.

“ഇത് പ്രത്യയശാസ്ത്രത്തിന്റെ പോരാട്ടമാണ്. ഒരു വശത്ത് കോൺഗ്രസും മറുവശത്ത് ബിജെപിയും ആർഎസ്എസും. ഒരു വശത്ത് ഗാന്ധിജിയും മറുവശത്ത് ഗോഡ്സെയും. ഒരു വശത്ത് വെറുപ്പും മറുവശത്ത് സ്നേഹവുമാണ്. ഇക്കൂട്ടർ എവിടെ പോയാലും വിദ്വേഷം പരത്തുന്നു. മധ്യപ്രദേശിലെ കർഷകരും യുവാക്കളും അവരെ വെറുത്തു തുടങ്ങിയിരിക്കുന്നു.” – രാഹുൽ പറഞ്ഞു.

“ഇക്കൂട്ടർ പൊതുസമൂഹത്തോട് ചെയ്തതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ ലഭിക്കുന്നത്. ഞങ്ങൾ ഏഴ് ജൻ ആക്രോശ് യാത്രകൾ മധ്യപ്രദേശിൽ നടത്തിയിട്ടുണ്ട്. ഭാരത് ജോഡോ ജാത്രയ്ക്കിടെ മധ്യപ്രദേശിൽ ഏകദേശം 370 കിലോമീറ്റർ പിന്നിട്ട ഞങ്ങൾ കർഷകരെയും യുവാക്കളെയും അമ്മമാരെയും സഹോദരിമാരെയും കണ്ടു. അവർ എന്നോട് കുറച്ച് കാര്യങ്ങൾ പറഞ്ഞു. ഇന്ത്യയിലെ അഴിമതിയുടെ പ്രഭവകേന്ദ്രമാണ് മധ്യപ്രദേശ്. ബിജെപിക്കാർ മധ്യപ്രദേശിൽ നടത്തിയ അഴിമതി രാജ്യത്തുടനീളം നടന്നിട്ടില്ല”-രാഹുൽ കൂട്ടിച്ചേർത്തു.

“കുട്ടികളുടെ ഫണ്ട്, ഉച്ചഭക്ഷണ ഫണ്ട്, സ്കൂൾ യൂണിഫോം ഫണ്ട് എന്നിവ അപഹരിച്ചു. കർഷകരായ നിങ്ങൾ ഇവിടെ സോയാബീൻ കൃഷി ചെയ്യുന്നു. പക്ഷേ സർക്കാർ ന്യായവില നൽകുന്നില്ല. ഛത്തീസ്ഗഡിലെ കർഷകരോട് ചോദിച്ചാൽ അറിയാം നെല്ലിന് നമ്മൾ കർഷകർക്ക് നൽകുന്ന പണം എത്രയെന്ന്. ഞങ്ങൾ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റി. മധ്യപ്രദേശ്, കർണാടക, ഛത്തീസ്ഗഢ് തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും കർഷകരുടെ വായ്പ എഴുതിത്തള്ളി. ഇവിടെ നിങ്ങളെ ചതിച്ച് ബിജെപിക്കാർ സർക്കാർ പിടിച്ചു. കഴിഞ്ഞ 18 വർഷത്തിനിടെ 18,000 കർഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. ദിവസവും മൂന്ന് കർഷകരാണ് ഇവിടെ മരിക്കുന്നത്. കർഷകരെ അടിച്ചമർത്താനും ഇല്ലാതാക്കാനും അവർ കറുത്ത നിയമങ്ങൾ കൊണ്ടുവന്നു”- രാഹുൽ പറഞ്ഞു.

“ഇന്ത്യയിലെ എല്ലാ കർഷകരും ഒന്നിച്ച് അവർക്കെതിരെ നിലകൊണ്ടു. കർഷകർക്ക് വേണ്ടിയാണ് താൻ ഈ നിയമം കൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി പറയുന്നു. കർഷകർക്ക് ഗുണകരമാകുമ്പോൾ എന്തിനാണ് കർഷകർ തെരുവിലിറങ്ങിയത്? കർഷകർക്ക് ഒരു ധാരണയുമില്ലെന്നാണ് നരേന്ദ്രമോദി പറയാൻ ആഗ്രഹിച്ചത്. നിങ്ങൾ കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹിമാചൽ എന്നിവിടങ്ങളിൽ പോകൂ, അവിടെയുള്ള നമ്മുടെ സർക്കാരുകൾ പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുന്നത് കാണാൻ കഴിയും. കർണാടകയിൽ കർഷകർ, സ്ത്രീകൾ, ദരിദ്രർ എന്നിവർക്കായി ഞങ്ങൾ അഞ്ച് ഗ്യാരണ്ടികൾ നൽകി. അതും നമ്മൾ പാലിച്ചു”-രാഹുൽ കൂട്ടിച്ചേർത്തു.

Story Highlights:‘Mahatma Gandhi on one side, Godse on other’: Rahul Gandhi on Congress-BJP fight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here