ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; ഡ്യൂട്ടി ഡോക്ടർക്കും നഴ്സിനും ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തൽ

മലപ്പുറം പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയ സംഭവത്തിൽ ഡോക്ടർക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തല്‍. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്സ് രക്തം നല്‍കിയത്, ഡ്യൂട്ടി ഡോക്ടർക്കും വാർഡ് നഴ്സിനും ജാഗ്രതക്കുറവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഡോക്ടർക്കും നഴ്സുമാർക്കുമെതിരെ നടപടി ഉണ്ടായേക്കും.
പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് മലപ്പുറം സ്വദേശിനി റുക്സാനയ്ക്ക് ഒ നെഗറ്റീവ് രക്തം നല്‍കേണ്ടതിന് പകരം ബി പോസിറ്റീവ് രക്തം നല്‍കിയത്. യുവതിക്ക് രക്തക്കുറവുള്ളതിനാല്‍ രക്തം കയറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും രക്തം കയറ്റി. വ്യാഴാഴ്ച എത്തിയപ്പോഴാണ് രക്തം നൽകിയത് മാറിപ്പോയത്. പകുതി രക്തം കയറ്റിയപ്പോഴേക്കും യുവതിക്ക് വിറയല്‍ അനുഭവപ്പെടുകയായിരുന്നു.
ഡോക്ടര്‍ എത്തി നടത്തിയ പരിശോധനയിലാണ് രക്തം മാറി നല്‍കിയതായി അറിയുന്നത്. തുടര്‍ന്നാണ് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. രക്തം മാറി നല്‍കിയ നഴ്സിനെതിരെ യുവതിയുടെ കുടുംബം നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: Report on Pregnant woman given wrong blood transfusion in Ponnani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here