‘ജനശ്രദ്ധ തിരിക്കാനുള്ള ആയുധമായി സമൂഹമാധ്യമങ്ങൾ മാറി’; ബോംബെ ഹൈക്കോടതി ജഡ്ജി

സമൂഹമാധ്യമങ്ങൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ആയുധമായി മാറിയെന്ന് ബോംബെ ഹൈക്കോടതി ജഡ്ജി. എന്നാൽ സോഷ്യൽ മീഡിയയുടെ സ്വാധീനം നിയന്ത്രിക്കാൻ കാര്യക്ഷമവും ഫലപ്രദവുമായ സംവിധാനം നിലവിലില്ലെന്നും ഗോവ ബെഞ്ച് ജസ്റ്റിസ് മഹേഷ് സോനക് പറഞ്ഞു.
ഗോവയിൽ മാർഗവോ നഗരത്തിലെ ജിആർ കെയർ ലോ കോളജിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് സോനക്. പല വിഷയങ്ങളിലുമുള്ള വാർത്തകൾ വായിക്കാതെയും കാണാതെയും ‘അജ്ഞനായി’ തുടരാനാണ് താൻ ഇഷ്ടപ്പെടുന്നത്. തെറ്റായ വിവരങ്ങൾ ലഭിക്കുന്നതിനേക്കാൾ നല്ലതാണിതെന്നും അദ്ദേഹം പറഞ്ഞു.
‘കമ്പ്യൂട്ടറുകളും സ്മാർട്ട്‌ഫോണുകളും പോലുള്ള യന്ത്രങ്ങളെ ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്ന ഒരു യുഗത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. മാത്രമല്ല സ്വയം ചിന്തിക്കാൻ ശ്രമിക്കുന്ന മനുഷ്യരെ നാം അങ്ങേയറ്റം സംശയത്തോടെ നോക്കിക്കാണുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അതിന്റെ ഗുണങ്ങളുണ്ട്, പക്ഷേ ചിന്തിക്കാനും ബുദ്ധിപരവും അതിലുപരി സെൻസിറ്റീവുമായ തെരഞ്ഞെടുപ്പുകൾ നടത്താനുമുള്ള നമ്മുടെ കഴിവ് ചില മെഷീനുകളിലേക്കോ അൽഗോരിതത്തിലേക്കോ പണയം വെച്ചാൽ അത് ദുഃഖകരമായ ദിനവും ദുഃഖകരമായ ലോകവുമായിരിക്കും’-ജസ്റ്റിസ് സോനക് പറഞ്ഞു.
‘നമ്മുടെ ചിന്താശേഷിയെ ദുർബലപ്പെടുത്തരുത്, അല്ലാത്തപക്ഷം മനുഷ്യനും യന്ത്രവും തമ്മിൽ വ്യത്യാസമില്ല. മനുഷ്യരാശിയുടെ മാനവികത നഷ്ടപ്പെടുത്താൻ നമുക്ക് അനുവദിക്കാനാവില്ല’-അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Social Media Has Become Weapon Of Mass Distraction: Bombay High Court Judge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here