കോടിയേരിയുടെ ഓർമ്മകൾക്ക് ഒരാണ്ട്; പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിന്റെ അനാച്ഛാദനം ഇന്ന്

കമ്യൂണിസ്റ്റ് പാർട്ടിയിലെ അനിഷേധ്യനേതാവും സിപിഐഎം സംസ്ഥാനസെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം. കോടിയേരി അന്ത്യവിശ്രമം കൊളളുന്ന കണ്ണൂർ പയ്യാമ്പലത്ത് സ്മൃതി കുടീരം രാവിലെ അനാച്ഛാദനം ചെയ്യും. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ഇപി ജയരാജൻ തുടങ്ങിയ നേതാക്കളും കോടിയേരിയുടെ കുടുംബവും പങ്കെടുക്കും. വൈകീട്ട് തലശേരിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പിലെ അനുസ്മരണ സമ്മേളനത്തിൽ എം വി ഗോവിന്ദൻ പങ്കെടുക്കും. മൂന്നാഴ്ച നീളുന്ന അനുസ്മരണ പരിപാടികളാണ് കണ്ണൂരിൽ സിപിഎം സംഘടിപ്പിക്കുന്നത്.
കേരള രാഷ്ട്രീയത്തിലെ സമവായത്തിന്റെ കമ്യൂണിസ്റ്റ് മുഖമായിരുന്നു കോടിയേരി. രാജ്യത്ത് മറ്റിടങ്ങളിൽ സിപിഐഎമ്മിന്‍റെ സ്വാധീനം നഷ്ടമായപ്പോഴും കേരളത്തിൽ ചരിത്രനേട്ടമായ തുടർഭരണത്തിലേക്ക് പാർട്ടിയെ നയിച്ചത് കോടിയേരി ബാലകൃഷ്ണനായിരുന്നു
അസാമാന്യ സംഘടനാപാടവം, താഴെത്തട്ടിൽനിന്നും ഉയർന്ന് പാർട്ടിയുടെ സംസ്ഥാനസെക്രട്ടറിസ്ഥാനത്തെത്തിയ നേതാവ്. സൗഹൃദപൂര്‍ണമായ പെരുമാറ്റം, അണികൾക്കിടയിൽ മാത്രമല്ല വ്യത്യസ്ത ആശയങ്ങൾ പിന്തുടരുന്ന എതിർചേരിയിലുള്ളവരേയും ആകർഷിച്ച നേതാവ്. സംസ്ഥാനത്തെ എക്കാലത്തെയും മികച്ച സാമാജികരിൽ ഒരാളായിരുന്നു അദ്ദേഹം.
മികച്ച സംഘടനാപാടവം കോടിയേരിയെന്ന കോടിയേരി ബാലകൃഷ്ണൻ പാർട്ടിയുടെ ശക്തിയായി മാറിയത് പെട്ടെന്നൊരു ദിവസമല്ല. പഠനകാലത്തുതന്നെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറി, ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിയായി തുടർന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കെത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. കേന്ദ്ര കമ്മിറ്റിയിലും പിബിയിലും എത്തിയ ശേഷമാണ് സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയത്. അഞ്ച് തവണ തലശ്ശേരിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 2006ലെ വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തു.
Story Highlights: First anniversary of Kodiyeri Balakrishnan’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here