Advertisement

മന്ത്രി ഓഫീസിന്റെ പേരില്‍ നിയമന തട്ടിപ്പ്; അഖില്‍ സജീവനെയും ലെനിന്‍ രാജിനെയും പ്രതി ചേര്‍ത്ത് പൊലീസ്

October 2, 2023
Google News 3 minutes Read
Akhil Sajeev and Lenin Raj are accused in Appointment fraud

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിന്റെ പേരില്‍ നടത്തിയ നിയമന തട്ടിപ്പില്‍ അഖില്‍ സജീവനെയും ലെനിന്‍ രാജേന്ദ്രനെയും പ്രതിചേര്‍ത്ത് പൊലീസ്. വഞ്ചനാക്കുറ്റം, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അഖില്‍ മാത്യു പണം വാങ്ങിയില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.(Akhil Sajeev and Lenin Raj are accused in Appointment fraud)

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യു, പരാതിക്കാരനായ ഹരിദാസില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് ഇന്നലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ നിന്നും പൊലീസിന് വ്യക്തമായിരുന്നു. പിന്നാലെയാണ് അഖില്‍ സജീവനും ലെനിനുമെതിരെ കേസെടുത്തത്. പത്തനംതിട്ട സ്വദേശിയായ അഖില്‍ സജീവന്‍ ഹരിദാസില്‍ നിന്ന് 75000 രൂപയാണ് തട്ടിപ്പിലൂടെ വാങ്ങിയെടുത്തത്. പണം രണ്ട് അക്കൗണ്ടുകളിലേക്ക് വാങ്ങിയതിന്റെ ഡിജിറ്റല്‍ തെളിവുകളും പൊലീസ് ശേഖരിച്ചു. മറ്റൊരു പ്രതി ലെനിന്‍രാജ് കോഴിക്കോട് സ്വദേശിയാണ്. അഭിഭാഷകനായ ഇയാള്‍ ഹരിദാസില്‍ നിന്ന് 50,000 രൂപയാണ് വാങ്ങിയത്.

പരാതിക്കാരന്‍ ആദ്യം മുതലേ ആരോപിച്ചതും മാധ്യമങ്ങളോട് പറഞ്ഞതും ഏപ്രില്‍ പത്തിന് സെക്രട്ടറിയേറ്റിന് സമീപമെത്തി ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് ഒരു ലക്ഷം രൂപ നല്‍കിയെന്നായിരുന്നു. പൊലീസ് മൊഴി പരിശോധിച്ചപ്പോഴാണ് ഹരിദാസന്റെ മൊഴിയില്‍ ചില സംശയങ്ങള്‍ ഉന്നയിച്ചത്. ഏപ്രില്‍ 10ന് ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യു പത്തനംതിട്ടയിലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച ടവര്‍ ലൊക്കേഷന്‍. 10നും പതിനൊന്നിനും പരാതിക്കാരന്‍ ഹരിദാസന്‍ തിരുവനന്തപുരത്തുണ്ടെന്ന ലൊക്കേഷന്‍ വിവരവും പൊലീസ് ശേഖരിച്ചു.

Read Also: വാളയാറില്‍ വാക്‌പോര്; കുട്ടികളുടെ അമ്മ നുണപരിശോധന എതിര്‍ത്തെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെ.പി സതീശന്‍

ഹരിദാസനും അഖില്‍ മാത്യുവും ഒരു തവണ പോലും ഫോണില്‍ സംസാരിച്ചില്ലെന്നും പൊലീസ് കണ്ടെത്തി. ഇതോടെയാണ് ആദ്യം ആള്‍മാറാട്ടം സംശയിച്ചത്. പിന്നാലെ സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഈ പരിശോധയിലാണ് നിര്‍ണായക വിവരങ്ങള്‍. ഏപ്രില്‍ 10ന് ബാസിത്തും ഹരിദാസും സെക്രട്ടറിയേറ്റിലെത്തിയെന്നും ആര്‍ക്കും പണം കൈമാറിയിട്ടില്ലെന്നും ഇരുവരും അല്‍പസമയത്തിനകം മടങ്ങിയെന്നും ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് വ്യക്തമായി.

Story Highlights: Akhil Sajeev and Lenin Raj are accused in Appointment fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here