‘രാഷ്ട്രീയമില്ല’; കരുവന്നൂരിലെ ബിജെപി പദയാത്രയില്‍ പങ്കെടുക്കുന്നത് മാനുഷിക പരിഗണനമൂലം; സുരേഷ് ഗോപി

കരുവന്നൂരില്‍ തട്ടിപ്പിനിരയായി മരിച്ചവരുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി പദയാത്രയ്ക്ക് തുടക്കമിട്ട് സുരേഷ് ഗോപി. പദയാത്രയില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയ പ്രേരിതമല്ല, മറിച്ച് മാനുഷിക പരിഗണനയുടെ പേരിലാണെന്ന് സുരേഷ് ഗോപി ട്വന്റിഫോറിനോട് പറഞ്ഞു. നോട്ട് നിരോധനത്തോടെയാണ് കേരളത്തിലെ സഹകരണ ബാങ്കുകളില്‍ പ്രശ്‌നം തുടങ്ങിയത്. പദയാത്രയുടെ തുടര്‍ച്ച കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.(Suresh Gopi in BJP rally at Karuvannur)
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആണ് പദയാത്ര ഉദ്ഘാടനം ചെയ്തത്. കരുവന്നൂരില്‍ സിപിഐഎം ഊറ്റിയെടുത്തത് സാധാരണക്കാരന്റെ ചോരയാണ്. സുരേഷ് ഗോപിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഒരു കരുവന്നൂരിന്റെ ആവശ്യവും ബിജെപിക്കില്ലെന്നും സുരേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു. മേജര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ പദയാത്രയുടെ ഭാഗമാകാനെത്തി.
ബിജെപി പദയാത്രക്കെതിരെ സഹകരണ മന്ത്രി വി.എന്‍ വാസവന്‍ വിമര്‍ശനവുമായി രംഗത്തെത്തി. ബിജെപി മാര്‍ച്ച് രാഷ്ട്രീയപ്രേരിതമാണെന്നും മൂന്നു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ ജാഥ നടത്തുന്നത് പരിഹാസ്യമാണെന്നും മന്ത്രി പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടാണ് ബിജെപി നീക്കമെന്നും മന്ത്രി പറഞ്ഞു.
പണം തിരികെപിടിക്കാനുള്ള എല്ലാ നടപടകളും സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് ബിജെപിയുടെ മാര്‍ച്ചെന്ന് മന്ത്രി വിമര്‍ശിച്ചു. ബിജെപിയുടെ യാത്ര അപ്രസക്തമാണെന്ന് മന്ത്രി ചൂണ്ടിക്കാണിക്കുന്നു.
Story Highlights: Suresh Gopi in BJP rally at Karuvannur