Advertisement

ഹിജാബ് നിരോധിച്ച ബി.ജെ.പിയും തട്ടം ഉപേക്ഷിക്കുന്നത് പാര്‍ട്ടി നേട്ടമായി കാണുന്ന സി.പി.ഐ.എമ്മും തമ്മില്‍ എന്ത് വ്യത്യാസം?; വി.ഡി സതീശൻ

October 3, 2023
2 minutes Read

തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം മൂലമാണെന്ന സി.പി.ഐ. എം സംസ്ഥാന സമതി അംഗം കെ. അനില്‍കുമാറിന്റെ പരാമര്‍ശം അനുചിതവും അസംബന്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

ഒരാള്‍ ഏത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെയുള്ളത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. തട്ടം ഒഴിവാക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്ന പ്രസ്താവന വിശ്വാസത്തിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള നഗ്നമായ കടന്നുകയറ്റമാണ്. സംഘപരിവാറിന് കീഴ്‌പ്പെട്ട കേരളത്തിലെ സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് അനില്‍കുമാറിന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നത്. ഹിജാബ് നിരോധിച്ച ബി.ജെ.പി സര്‍ക്കാരും തട്ടം ഉപേക്ഷിക്കുന്നത് പാര്‍ട്ടി നേട്ടമായി കാണുന്ന സി.പി.എമ്മും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?

ശബരിമല വിഷയത്തിലും വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന നിലപാടാണ് സി.പി.ഐ.എമ്മും പിണറായി സര്‍ക്കാരും സ്വീകരിച്ചത്. ഗണപതി മിത്താണെന്ന പരാമര്‍ശം വര്‍ഗീയകക്ഷികള്‍ക്ക് ആയുധമാകുമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടും എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിച്ചത്.

മതവിരുദ്ധതയും വിശ്വാസങ്ങളെ ഹനിക്കലുമാണ്, വോട്ടിന് വേണ്ടി മതപ്രീണനം നടത്തുന്ന സി.പി.എമ്മിന്റെ എക്കാലത്തെയും നിലപാട്. ഇത് തന്നെയാണ് അനില്‍കുമാറിന്റെ പ്രസ്താവനയിലൂടെയും പുറത്ത് വന്നിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

Story Highlights: Hijab row: V D Satheesan on Anil Kumar’s remarks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top