കനത്തമഴ; തിരുവനന്തപുരത്ത് 23 വീടുകള്‍ക്ക് നാശനഷ്ടം, 43.57 ലക്ഷത്തിന്റെ കൃഷിനാശം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിലായി 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഇന്നലെ(ഒക്ടോബര്‍ മൂന്ന്)വരെ പെയ്ത മഴയില്‍ നെടുമങ്ങാട് താലൂക്കിലെ 11 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ചിറയിന്‍കീഴ്,വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ നാല് വീതം വീടുകള്‍ക്കും ഭാഗികമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്കിലെ മാമം അംഗന്‍വാടിയില്‍ ഒരു ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്. ഇവിടെ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് താമസിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് വിതുര പൊന്നാംചുണ്ട് പാലത്തിന് സമീപം വാമനാപുരം നദിയില്‍ കാണാതായ വിതുര സ്വദേശി സോമനെ(58)കണ്ടെത്താനുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.മഴക്കെടുതി നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് റവന്യൂ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
സെപ്റ്റംബര്‍ 25 മുതല്‍ ഇന്നലെ(ഒക്ടോബര്‍ മൂന്ന്)വരെ ശക്തമായ മഴയില്‍ ജില്ലയില്‍ 43.57 ലക്ഷത്തിന്റെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. 133 കര്‍ഷകരുടെ 6.89 ഹെക്ടറിലുള്ള വിവിധ കാര്‍ഷിക വിളകള്‍ നശിച്ചു.ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത് നെയ്യാറ്റിന്‍കര ബ്ലോക്കിലാണ്.ഇവിടെ 1.40 ഹെക്ടറില്‍ 21 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി.ആര്യന്‍കോട് ആറ് ലക്ഷം രൂപയുടെയും കാട്ടാക്കട 62,000 രൂപയുടെയും പാറശാലയില്‍ 10 ലക്ഷം രൂപയുടെയും പുളിമാത്ത് 2.40 രൂപയുടെയും വാമനാപുരത്ത് 3.55 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായി കൃഷി വകുപ്പ് അറിയിച്ചു.
Story Highlights: Kerala Rain wreaks havoc, damages many houses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here