‘വൻകിട കയ്യേറ്റക്കാരുടെ ലിസ്റ്റ് കയ്യിലുണ്ട്, ഗുണ്ടകളെപ്പോലെ ഇടിച്ചുനിരത്തൽ അല്ല ഉദ്യോഗസ്ഥരുടെ പണി’; എം.എം മണി
![](https://www.twentyfournews.com/wp-content/uploads/2023/10/M.M.Mani-reaction-on-special-task-force-to-remove-encroachments-in-Idukki.jpg?x52840)
ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ദൗത്യ സംഘത്തോടുള്ള നിലപാട് ആവർത്തിച്ച് എം എം മണി എം.എൽ.എ. ഉദ്യോഗസ്ഥർ വഴിവിട്ട കാര്യങ്ങൾ ചെയ്യരുതെന്നും തെറ്റായ നിലയിൽ കാര്യങ്ങൾ വന്നാൽ ജനങ്ങളെ അണിനിരത്തി എതിർക്കുമെന്നും എം.എം മണി പറഞ്ഞു.
വി എസ് ഭരണകാലത്തേതുപോലെ ഇടിച്ചു പൊളിക്കൽ ഉണ്ടാകുമെന്ന് കരുതുന്നില്ല.
വൻകിട കയ്യേറ്റക്കാരുടെ ലിസ്റ്റ് ഉദ്യോഗസ്ഥുടെ കയ്യിലുണ്ട്.അതായിരിക്കും പരിശോധിക്കുക.ജില്ലയിലെ എൽഡിഎഫിൻറെ നിലപാടും അതാണ്.വൻകിട കയ്യേറ്റങ്ങൾ പരിശോധിച്ച് നിയമപരമായി നടപടി സ്വീകരിക്കട്ടെ, അല്ലാതെ ഉദ്യോഗസ്ഥർ വഴിവിട്ട കാര്യങ്ങൾ ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.
മുൻപ് വന്ന് തോന്നിയത് പോലെ ഇടിച്ചു നിരത്തിയതിൻറെ ഫലം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
കേസുകളെല്ലാം തോറ്റു കൊണ്ടിരിക്കുന്നു. സർക്കാർ കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. ഗുണ്ടകളെപ്പോലെ ഇടിച്ചു നിരത്തൽ അല്ലല്ലോ ഉദ്യോഗസ്ഥരുടെ പണിയെന്നും എംഎം മണി പറഞ്ഞു.
ദൗത്യ സംഘം വന്ന് പോകുന്നതിന് തങ്ങൾ എതിരല്ലെന്നും രാഷ്ട്രീയ ലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യാൻ വന്നാൽ തുരത്തുമെന്നും നേരത്തെ എംഎം മണി വ്യക്തമാക്കിയിരുന്നു. ഇടുക്കിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതിൽ എംഎം മണിയടക്കമുള്ള സിപിഎം ജില്ല നേതാക്കൾ നേരത്തെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
Story Highlights: M.M.Mani reaction on special task force to remove encroachments in Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here