Advertisement

തൊഴിലാളികളുടെ ശബ്ദം, ആനത്തലവട്ടത്തിന്റെ വിയോഗം ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടം; വി.ഡി സതീശൻ

October 5, 2023
2 minutes Read

ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു.തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി അക്ഷീണം പ്രയത്നിച്ച മികച്ച ട്രേഡ് യൂണിയന്‍ നേതാവായിരുന്നു ആനത്തലവട്ടം. തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലെല്ലാം അവരുടെ ശബ്ദമായി അവര്‍ക്കൊപ്പം നില്‍ക്കാന്‍ ആനത്തലവട്ടത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ നിര്യാണം ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെ ആനത്തലവട്ടം ആനന്ദന്‍റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. സംശുദ്ധ രാഷ്ട്രീയത്തിന്‍റെ പ്രതീകമായിരുന്നു അദ്ദേഹമെന്നും തന്‍റെ ജീവിതം മുഴുവൻ താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച നേതാവായിരുന്നു ആനത്തലവട്ടമെന്നും കെ സുരേന്ദ്രൻ അനുസ്മരിച്ചു.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന സിപഐ എം നേതാവും മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻ ഇന്ന് വൈകിട്ടാണ് അന്തരിച്ചത്. നിലവില്‍ സിഐടിയു സംസ്ഥാന പ്രസിഡന്‍റും ദേശീയ വൈസ് പ്രസിഡന്‍റുമായിരുന്നു. 1937 ഏപ്രിൽ 22 ന് തിരുവനന്തപുരത്ത് ചിറയിൻകീഴിലായിരുന്നു ജനനം. ചിറയിൻകീഴ് ചിത്രവിലാസം, കടയ്ക്കാവൂർ എസ്.എസ്.പി.ബി എന്നീ സ്കൂളുകളിലായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനത്തലവട്ടം ആനന്ദൻ 1950 കളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൊതുപ്രവർത്തനം തുടങ്ങിയിരുന്നു.

കയർ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1957-ൽ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നിർവാഹക സമിതി അംഗമായി. 1960 മുതൽ 71-വരെ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി. 1971 മുതൽ കേരള കയർ വർക്കേഴ്സ് സെന്‍റർ (സിഐടിയു) ഭാരവാഹിയാണ് ആനത്തലവട്ടം ആനന്ദൻ. 1985-ൽ സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. അറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും മൂന്ന് തവണ എംഎംൽയുമായിട്ടുണ്ട്.

Story Highlights: V D Satheesan condoles demise of Anathalavattom Anandan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top