മലബാര്‍ കാന്‍സര്‍ സെന്ററിലെ എല്ലാ ലാബുകള്‍ക്കും എന്‍എബിഎല്‍ അക്രഡിറ്റേഷന്‍

മലബാര്‍ കാന്‍സര്‍ സെന്ററിലെ എല്ലാ ലാബുകള്‍ക്കും എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇവിടെയുള്ള പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, മോളിക്യുലാര്‍ ഓങ്കോളജി തുടങ്ങിയ ലാബുകള്‍ക്കാണ് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ലഭ്യമായത്. എല്ലാ ലാബുകള്‍ക്കും എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ സ്ഥാപനം കൂടിയാണിത്. ഇതുകൂടാതെ ഈ ലാബുകള്‍ക്ക് ആരോഗ്യ സ്ഥാപനത്തിലെ ഗുണനിലവാരം ഉറപ്പ് വരുത്തുന്ന എന്‍.എ.ബി.എച്ച് പുന: അംഗീകാരവും ലഭ്യമായിട്ടുണ്ട്.
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഉള്‍പ്പെടെയുള്ള പ്രധാന ലാബുകള്‍ എന്‍.എ.ബി.എല്‍ അക്രഡിറ്റഡ് ലാബുകള്‍ ആക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിച്ചുള്ള കൃത്യമായിട്ടുള്ള ലാബ് പരിശോധനകള്‍ ഉണ്ടാകുക എന്നുള്ളത് പരമപ്രധാനമായ കാര്യമാണ്. ഈ ലക്ഷ്യം വച്ചുകൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രികളിലെ ലാബുകളെല്ലാം ദേശീയതലത്തിലെ ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്.
ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് ദേശീയ തലത്തില്‍ നല്‍കുന്ന സുപ്രധാനമായ അംഗീകാരമാണ് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍. ഇത് ഒരു സ്ഥാപനത്തിന്റെ ഗവേഷണം, അധ്യാപനം, സേവനങ്ങള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സഹായകമാണ്. നിരവധി മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തിയാണ് ഒരു സ്ഥാപനത്തിന് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ നല്‍കുന്നത്.
മലബാര്‍ കാന്‍സര്‍ സെന്ററില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ച് ആയി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതോടൊപ്പം നൂതന ചികിത്സാ സംവിധാനങ്ങളാണ് ഒരുക്കിയത്. കുട്ടികളിലെ കണ്ണിന്റെ കാന്‍സറിന് എംസിസിയില്‍ നൂതന ചികിത്സയൊരുക്കി. റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള സമഗ്ര ചികിത്സാ സംവിധാനം ആദ്യമായി എംസിസിയില്‍ സജ്ജമാക്കി. എം.സി.സി.യില്‍ റോബോട്ടിക് സര്‍ജറി സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഡിജിറ്റല്‍ പത്തോളജി മികവിന്റെ കേന്ദ്രമാക്കി വരുന്നു. 2 ഡി.എം. ഓങ്കോപത്തോളജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കി.
ന്യൂറോ സര്‍ജിക്കല്‍ ഓങ്കോളജി ആരംഭിച്ചു. 200ലധികം വിവിധ തരത്തിലുള്ള ബോണ്‍മാരോ ട്രാന്‍പ്ലാന്റേഷന്‍ നടത്തി. ന്യൂക്ലിയര്‍ മെഡിസിനില്‍ ഡോറ്റ തെറാപ്പി, പി.എസ്.എം.എ. പെറ്റ് സ്‌കാന്‍, ഹൈ ഡോസ് അയഡിന്‍ തെറാപ്പി എന്നിവ ആരംഭിച്ചു. ഇന്റര്‍വെന്‍ഷന്‍ റേഡിയോളജി കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്തുന്നു. ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന് ആവശ്യമായ ഏറ്റവും പ്രധാന ചികിത്സയായ ടോട്ടല്‍ ബോഡി റേഡിയേഷന്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. ഇതുകൂടാതെ എം.സി.സി.യുടെ നേതൃത്വത്തില്‍ 5 ജില്ലകളില്‍ ഡിസ്ട്രിക് കാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്.
Story Highlights: NABL Accreditation for all Labs at Malabar Cancer Centre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here