നിയമന തട്ടിപ്പ് കേസ്; പരാതിക്കാരൻ ഹരിദാസ് ഒളിവിൽ തന്നെ, കണ്ടെത്താൻ പൊലീസ്

ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഓഫീസ് മറയാക്കിയുള്ള നിയമന തട്ടിപ്പിൽ മുഖ്യ പ്രതി അഖിൽ സജീവ് പോലീസ് പിടിയിലായെങ്കിലും പരാതിക്കാരൻ ഹരിദാസ് ഒളിവിൽ പോയത് അന്വേഷണ സംഘത്തിന് തലവേദനയാകുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഹരിദാസിന് നോട്ടീസ് നൽകാനും പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിലെ മറ്റൊരു പ്രധാന പ്രതി ലെനിൻ രാജും ഒളിവിലാണ്
സെക്രട്ടറിയേറ്റിനു മുൻപിൽ വെച്ച് ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിനു പണം നൽകിയെന്ന ആരോപണം നുണയാണെന്ന് പോലീസ് സ്ഥിരീകരിച്ചതിന് തൊട്ട് പിന്നാലെ ഹരിദാസ് ഒളിവിൽ പോയെന്നാണ് പോലീസിന്റെ സംശയം.
പണം കൈമാറിയ ദിവസം അഖിൽ മാത്യു പത്തനംതിട്ടയിലാണെന്ന് സ്ഥിരീകരിച്ചതോടെ അഖിലിന്റെ മുഖം ഓർമ്മയില്ലെന്നായിരുന്നു ഹരിദാസിന്റെ മലക്കം മറിച്ചിൽ. ഇതിന് പിന്നാലെ വ്യക്തത തേടി വിളിച്ചപ്പോഴെല്ലാം ഹരിദാസ് ഒഴിഞ്ഞുമാറി.ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഹരിദാസിനെ കിട്ടിയില്ല. സ്‌പെഷ്യൽ ബ്രാഞ്ച് മലപ്പുറത്തെ വീട്ടിൽ എത്തി അന്വേഷിച്ചപ്പോഴേക്കും ഹരിദാസ് അപ്രത്യക്ഷനായി. ഇയാൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഹരിദാസിൽ നിന്ന് പണം വാങ്ങിയ കേസിലെ മറ്റൊരു പ്രതി ലെനിൻ രാജും ഒളിവിലാണ്. .അഖിൽ സജീവനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിനെ കുറിച്ചും ഗൂഢാലോചന സംബന്ധിച്ചും കൂടുതൽ വിവരം പുറത്തു വരുമെന്നാണ് പൊലീസ് പ്രതീക്ഷ. അതിനിടെ ഹരിദാസന്റെ സുഹൃത്തായ മുൻ എഐഎസ്എഫ് നേതാവ് കെ.എം ബാസിതിനെ നാളെ വീണ്ടും പൊലീസ് ചോദ്യം ചെയ്യും.
Story Highlights: Recruitment Fraud Case, Complainant Haridas absconding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here