കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ചൂഷണം തടയുന്നതിനുള്ള കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തില്‍ പ്രശംസ; മാതൃകാപരമെന്ന് റോബേര്‍ട്ട് ലെവെന്‍താല്‍

കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണത്തെ തടയുന്നതിനുള്ള കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരം. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം തടയുന്നതിനുള്ള കേരള പൊലീസ് ഡിപാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാനാവുന്നതാണെന്ന് യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിലെ ഇന്റര്‍നാഷണല്‍ നാര്‍കോടിക്‌സ് ആന്‍ഡ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഗ്ലോബല്‍ പ്രോഗ്രാം ആന്‍ഡ് പോളിസി വിഭാഗം തലവന്‍ റോബേര്‍ട്ട് ലെവെന്‍തല്‍ കൊച്ചിയില്‍ പറഞ്ഞു. കൊച്ചിയിലെ ഗ്രാന്റ് ഹയാത് ഹോട്ടലില്‍ വച്ചുനടന്ന ഹാക്കിംഗ് ആന്‍ഡ് സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. (Robert Leventhal praises Kerala police for their effort to prevent online child sexual exploitation)
കുട്ടികള്‍ക്കെതിരായ സൈബര്‍ അതിക്രമങ്ങള്‍ തടയുന്നതില്‍ ഭരണകൂടങ്ങളും സന്നദ്ധ സംഘടനകളും കൂടുതല്‍ ശ്രദ്ധ ഊന്നേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു റോബേര്‍ട്ട് ലെവെന്‍തല്‍ സംസാരിച്ചത്. കുട്ടികള്‍ക്കെതിരായ സൈബര്‍ ലൈംഗിക അതിക്രമങ്ങള്‍ ആഗോളതലത്തില്‍ കൊവിഡിന് ശേഷം വളരെയധികം വര്‍ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സെന്റര്‍ ഫോര്‍ മിസിംഗ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍ (NCMEC) കണക്കുകള്‍ പ്രകാരം 2019 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഇത്തരം അതിക്രമങ്ങളില്‍ 97 ശതമാനം വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം മാത്രം ആഗോളതലത്തില്‍ കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണങ്ങള്‍ 35 ശതമാനം വര്‍ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ലോകരാജ്യങ്ങള്‍ സൈബര്‍ ലൈംഗിക ചൂഷണത്തിന്റെ ഭീഷണിയില്‍ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കയിലെ ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ നാര്‍കോടിക്‌സ് ആന്‍ഡ് ലോ എന്‍ഫോഴ്‌സ്‌മെന്റ് അഫേഴ്‌സ് നടത്തി വരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ റോബേര്‍ട്ട് ലെവെന്‍തല്‍ വിശദീകരിച്ചു. വി പ്രൊട്ടക്ട് ഉള്‍പ്പെടെയുള്ള ആഗോള സഹകരണങ്ങളിലൂടെ കുട്ടികള്‍ക്കെതിരായ സൈബര്‍ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നയരൂപീകരണം നടത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള പൊലീസിന്റേയും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രണ്‍( ഐസിഎംഇസി) സംഘടനയുടേയും സംയുക്തപ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള അന്തര്‍ദേശീയവും സമഗ്രവുമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസിന്റെ ഈ മികച്ച പ്രവര്‍ത്തനങ്ങള്‍ പോലെ രാജ്യത്ത് കൂടുതല്‍ മാതൃകകള്‍ ഉണ്ടാകട്ടേയെന്നും അദ്ദേഹം ആശംസിച്ചു.
Story Highlights: Robert Leventhal praises Kerala police for their effort to prevent online child sexual exploitation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here