‘ഇന്ത്യയിൽ ഒരു ക്രിക്കറ്റ് താരമായി തുടരുക എളുപ്പമല്ല, അനുഭവങ്ങൾ പലതും പഠിപ്പിച്ചു’; രോഹിത്

10 വർഷത്തെ ഐസിസി കിരീട വരൾച്ചക്ക് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ഏകദിന ലോകകപ്പിൽ പോരടിക്കാനിറങ്ങുന്നത്. രോഹിത് ശർമ്മ, വിരാട് കോലി തുടങ്ങിയ ഒരുപിടി ഇന്ത്യൻ താരങ്ങളുടെ അവസാന ലോകകപ്പായിരിക്കും ഇതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ സ്വന്തം നാട്ടിൽ, നാട്ടുകാർക്ക് മുന്നിൽ കപ്പ് ഉയർത്തണമെന്നാണ് ക്യാപ്റ്റൻ രോഹിത് ശർമയുടെ ആഗ്രഹം. അടുത്തിടെ നടന്ന ഏഷ്യാ കപ്പ് വിജയം ഇന്ത്യൻ ടീമിനും അഭ്യുദയകാംക്ഷികൾക്കും ഒരു നല്ല സൂചനയാണ്.
അഞ്ച് തവണ ലോക ചാമ്പ്യനായ ഓസ്‌ട്രേലിയ ആണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഉച്ചയ്ക്ക് 2 മണിക്ക് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിന് ഇറങ്ങും മുമ്പ് ചില കാര്യങ്ങൾ തുറന്നു പറയുകയാണ് ഇന്ത്യൻ നായകൻ. ആരാധകരുടെ വലിയ പ്രതീക്ഷകളുള്ളതിനാൽ ഇന്ത്യയിൽ ഒരു ക്രിക്കറ്റ് താരമായി തുടരുക എന്നത് അത്ര എളുപ്പമല്ലെന്നാണ് രോഹിത് പറയുന്നത്.
‘ഞങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളാണ്. സമ്മർദ്ദകരമായ സമയങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും നമുക്ക് കടന്നുപോകേണ്ടിവരും. കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന് കരിയർ ഉണ്ടാക്കിയ കരുത്തരായ ചില കളിക്കാരെ ഞാൻ ഈ ടീമിൽ കണ്ടിട്ടുണ്ട്. ഇവരിൽ ആർക്കും അത്ര എളുപ്പത്തിൽ ഒന്നും ലഭിച്ചിട്ടില്ല. ദുഷ്‌കരമായ സമയത്തെ അതിജീവിച്ചാണ് അവർ ഇന്ന് കാണുന്നതെല്ലാം നേടിയത്. ഇത്തരം നിമിഷങ്ങളിലൂടെ എങ്ങനെ കടന്നുപോകണമെന്ന് നീണ്ട 16 വർഷങ്ങൾ എന്നെ പഠിപ്പിച്ചു’-രോഹിത് പറഞ്ഞു.
‘അനുഭവങ്ങൾ നമ്മെ പലതും പഠിപ്പിക്കുന്നു. മത്സരത്തിന്റെ സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യാം എന്നതാണ് അതിലൊന്ന്. സമ്മർദ്ദ നിമിഷങ്ങളിലൂടെ എങ്ങനെ കടന്നുപോകണമെന്നും, കൈകാര്യം ചെയ്യണമെന്നും ആ സമ്മർദ്ദം ടീമിലേക്ക് വരാൻ അനുവദിക്കരുതെന്നും 16 വർഷത്തെ ക്രിക്കറ്റ് എന്നെ പഠിപ്പിച്ചു. സമ്മർദം കൈകാര്യം ചെയ്യാൻ കഴിയുന്നത് സവിശേഷ ഗുണമാണ്. ഓരോരുത്തരും വ്യത്യസ്തമായ രീതിയിലാകും സമ്മർദത്തോട് പ്രതികരിക്കുക’-ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു.
Story Highlights: Rohit Sharma’s Emotional Outburst On Why It’s Not Easy To Be An Indian Cricketer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here