ബുംറയ്ക്ക് നാല് വിക്കറ്റ്; അഫ്ഗാനിസ്താനെതിരെ ഇന്ത്യക്ക് 273 റൺസ് വിജയലക്ഷ്യം

അഫ്ഗാനിസ്താനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 272 റൺസ് നേടി. 80 റൺസ് നേടിയ ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിദിയാണ് അഫ്ഗാൻ്റെ ടോപ്പ് സ്കോറർ. അസ്മതുള്ള ഒമർസായ് 62 റൺസ് നേടി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തി. (afghanistan innings india cricket)
ജസ്പ്രീത് ബുംറ കൃത്യതയോടെ പന്തെറിഞ്ഞ് അഫ്ഗാനിസ്താനെ സമ്മർദ്ദത്തിലാക്കിയപ്പോൾ മുഹമ്മദ് സിറാജിന് കൃത്യത കാത്തുസൂക്ഷിക്കാനായില്ല. ഏഴാം ഓവറിൽ ബുംറ തന്നെ അഫ്ഗാൻ്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. 22 റൺസ് നേടിയ ഇബ്രാഹിം സദ്രാനെ കെഎൽ രാഹുൽ പിടികൂടുകയായിരുന്നു. പിന്നീട് ഹാർദിക് പാണ്ഡ്യ ഗുർബാസിനെ (21) ശാർദുൽ താക്കൂറിൻ്റെ കൈകളിലെത്തിച്ചപ്പോൾ റഹ്മത് ഷായെ (16) താക്കൂർ വിക്കറ്റിനു മുന്നിൽ കുരുക്കി. 4 ഓവറിൽ 28 റൺസ് വഴങ്ങിയ സിറാജിന് വിക്കറ്റ് വീഴ്ത്താനായില്ല.
Read Also: ഒമർസായിക്കും ഷാഹിദിയ്ക്കും ഫിഫ്റ്റി; തുടക്കത്തിലെ തിരിച്ചടിയ്ക്ക് ശേഷം രക്ഷപ്പെട്ട് അഫ്ഗാൻ
നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഒമർസായും ഷാഹിദിയും ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ടു. മധ്യ ഓവറുകളിൽ സ്പിന്നർമാർക്ക് ഒരു ഇംപാക്ടും ഉണ്ടാക്കാനായില്ല. ജഡേജയ്ക്കും കുൽദീപിനും പിച്ചിൽ നിന്ന് ഒരു പിന്തുണയും ലഭിക്കാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. ഇത് മുതലെടുത്ത അഫ്ഗാൻ ബാറ്റർമാർ അനായാസം ബൗളർമാരെ നേരിട്ടു. സ്പിന്നർമാർ മാറി ബുംറ അടക്കം പേസർമാർ തിരികെവന്നിട്ടും റൺ നിരക്ക് കുറഞ്ഞിട്ടില്ല. ഒടുവിൽ ഹാർദിക് പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് തകർത്തത്. 62 റൺസ് നേടിയ ഒമർസായിയെ ഹാർദിക് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. നാലാം വിക്കറ്റിൽ ഷാഹിദിയുമൊത്ത് 121 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിനു ശേഷമാണ് താരം മടങ്ങിയത്.
ഒമർസായ് മടങ്ങിയതോടെ അഫ്ഗാൻ്റെ റൺ നിരക്ക് കുറഞ്ഞു. ആറാം നമ്പറിലെത്തിയ മുഹമ്മദ് നബി വളരെ സാവധാനത്തിലാണ് ബാറ്റ് വീശിയത്. അഞ്ചാം വിക്കറ്റിൽ നബിയുമൊത്ത് 41 റൺസ് കൂട്ടിച്ചേർത്ത ശേഷം ഷാഹിദി മടങ്ങി. താരത്തെ കുൽദീപ് വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. നജീബുള്ള സദ്രാൻ (2), മുഹമ്മദ് നബി (19) എന്നിവരെ ബുംറ ഒരു ഓവറിൽ പറഞ്ഞയച്ചു. നജീബുള്ളയെ കോലി പിടികൂടിയപ്പോൾ നബി വിക്കറ്റിനു മുന്നിൽ കുടുങ്ങി.
എട്ടാം വിക്കറ്റിൽ റാഷിദ് ഖാനും മുജീബ് റഹ്മാനും ചേർന്നാണ് അഫ്ഗാനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ടി-20 മോഡിൽ ബാറ്റ് വീശിയ ഇരുവരും 26 റൺസ് കൂട്ടിച്ചേർത്തു. 12 പന്തിൽ 16 റൺസ് നേടിയ റാഷിദ് ഖാനെ കുൽദീപ് യാദവിൻ്റെ കൈകളിലെത്തിച്ച ബുംറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 8 പന്തിൽ 9 റൺസ് നേടിയ നവീനുൽ ഹഖും 12 പന്തിൽ 10 റൺസ് നേടിയ മുജീബും വാലറ്റത്ത് നിർണായക സംഭാവനകൾ നൽകി. ഇരുവരും നോട്ടൗട്ടാണ്.
Story Highlights: afghanistan innings india cricket world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here