Advertisement

അസുഖം കുറയുന്നു; ശുഭ്മൻ ഗിൽ നാളെ ഇന്ത്യൻ ടീമിനൊപ്പം ചേരും

October 11, 2023
Google News 1 minute Read
shubman gill traveling to ahmedabad

ഡെങ്കി ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിലിൻ്റെ അസുഖം ഭേദമായിക്കൊണ്ടിരിക്കുന്നു എന്ന് റിപ്പോർട്ട്. ചെന്നൈയിലെ ആശുപത്രിയിലായിരുന്ന താരം ഇന്ന് ചെന്നൈ വിടുമെന്നാണ് റിപ്പോർട്ട്. താരം നാളെ അഹമ്മദാബാദിലെത്തുന്ന ഇന്ത്യൻ ടീമിനൊപ്പം ചേരും. എങ്കിലും ഈ മാസം 14ന് പാകിസ്താനെതിരെ നടക്കുന്ന മത്സരത്തിൽ താരം കളിക്കുമോ എന്ന് ഉറപ്പില്ല. താരത്തിന് ലോകകപ്പിൽ ഒരു മത്സരം കളിക്കാൻ ഏറെ കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.

പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞതിനാലാണ് ഗില്ലിനെ ചെന്നൈയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. മുൻകരുതലെന്ന നിലയിലാണ് ഗില്ലിനെ ആശുപത്രിയിലാക്കിയിരുന്നത് എന്നും നിലവിൽ താരം ഹോട്ടൽ റൂമിലാണെന്നും ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ അറിയിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരം നഷ്ടമായ ഗിൽ അഫ്ഗാനിസ്താനെതിരെയും കളിക്കില്ല.

ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് അഫ്ഗാനിസ്താനെതിരായ ഇന്ത്യയുടെ മത്സരം ആരംഭിക്കുക. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരം വിജയിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. അഫ്ഗാനിസ്താനാവട്ടെ, ബംഗ്ലാദേശിനെതിരായ ആദ്യ കളി പരാജയപ്പെട്ടു.

ഡെങ്കി ബാധിച്ച ഓപ്പണർ ശുഭ്മൻ ഗിൽ ഇന്നും ഇന്ത്യക്കായി കളിക്കില്ല. ഇഷാൻ കിഷൻ ഓപ്പണിംഗ് റോളിൽ തുടരും. സ്പിൻ പിച്ചായ ചെന്നൈയിൽ മൂന്ന് സ്പിന്നർമാരുമായി ഇറങ്ങിയ ഇന്ത്യ ഇന്ന് ടീം കോമ്പിനേഷനിൽ മാറ്റം വരുത്തുമോ എന്ന് കണ്ടറിയണം. അശ്വിനെ പുറത്തിരുത്തി ഷമി കളിച്ചേക്കാനിടയുണ്ട്. ബാറ്റിംഗ് ഡെപ്ത് പരിഗണിച്ച് ശാർദുൽ താക്കൂറും കളിച്ചേക്കും.

സ്പിന്നർമാരിലാണ് അഫ്ഗാനിസ്താൻ്റെ പ്രതീക്ഷകൾ. റാഷിദ് ഖാൻ, മുജീബ് റഹ്മാൻ, മുഹമ്മദ് നബി എന്നീ മൂന്ന് ലോകോത്തര സ്പിന്നർമാർക്കൊപ്പം ഫസലുൽ ഹഖ് ഫറൂഖിയും നവീനുൽ ഹഖും ചേരുന്ന ബൗളിംഗ് അറ്റാക്ക് കരുത്തരാണ്. ഐപിഎൽ മത്സരത്തിനിടെ പരസ്പരം ഉരസിയ നവീനുൽ ഹഖും വിരാട് കോലിയും വീണ്ടും നേർക്കുനേർ വരുന്നു എന്നതും ശ്രദ്ധേയമാണ്.

Story Highlights: shubman gill traveling to ahmedabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here