Advertisement

മൂന്നാറിൽ വിവിധ വില്ലേജുകളിലായി 300ലധികം കയ്യേറ്റങ്ങൾ; എംഎം മണിയുടെ സഹോദര പുത്രനും കയ്യേറ്റക്കാരുടെ പട്ടികയിൽ

October 13, 2023
Google News 1 minute Read
300 encroachments found in munnar

മൂന്നാറിൽ വിവിധ വില്ലേജുകളിലായി 300ലധികം കയ്യേറ്റങ്ങളുണ്ടെന്ന് കണ്ടെത്തൽ. കയ്യേറ്റക്കാരിൽ വൻകിട കമ്പനികൾ മുതൽ സ്വകാര്യ വ്യക്തികൾ വരെ ഉൾപ്പെടുന്നു. കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ( 300 encroachments found in munnar )

തോക്കുപാറ, സൂര്യനെല്ലി, പാറത്തോട്, പെരുമ്പൻകുത്ത്, കെഡിഎച്ച് വില്ലേജ് എന്നിവിടങ്ങളിലാണ് അധികവും കയ്യേറ്റങ്ങൾ. റവന്യൂ, വനം, ഹെൽത്ത്, പിഡബ്ല്യുഡി, ഫിഷറീസ്, കെഎസ്ഇബി ഉൾപ്പെടെയുള്ളവരുടെ സ്ഥലങ്ങൾ കയ്യേറ്റ പട്ടികയിലുണ്ട്. ടാറ്റ ടീ ലിമിറ്റഡും, ഹാരിസൺ മലയാളം ലിമിറ്റഡും ചിന്നക്കനാൽ, രാജകുമാരി , പൂപ്പാറ, വില്ലേജുകളിലായി 44.75 ഏക്കർ കൈവശപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എംഎം മണിയുടെ സഹോദര പുത്രൻ ലിജീഷ് ലംബോദരനും കയ്യേറ്റക്കാരുടെ പട്ടികയിലുണ്ട്.

ടോമിൻ ജെ തച്ചങ്കരിയുടെ സഹോദരൻ ടിസ്സിൻ ജെ തച്ചങ്കരി 7.7 എക്കർ സ്ഥലം ചിന്നക്കനാൽ വില്ലേജിൽ കയ്യേറി. റോഡ് പുറമ്പോക്ക് കയ്യേറിയാണ് മന്നാംകണ്ടം സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസ് നിർമ്മിച്ചതെന്ന് രേഖയുണ്ട്. ആരാധനാലയങ്ങളും മത സാമുദായിക സംഘടനകളുടെ കെട്ടിടങ്ങളും കയ്യേറ്റ ഭൂമിയിലുണ്ട്.

കുഞ്ചിത്തണ്ണി വില്ലേജിലെ ഡ്രീം ലാൻഡ് സ്‌പൈസസ് പാർക്കിലെ വാട്ടർ തീം പാർക്ക് കയ്യേറ്റ ഭൂമിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. കയ്യേറ്റങ്ങളുടെ കൂട്ടത്തിൽ ഭൂരിഭാഗവും വ്യക്തികളും കുടുംബങ്ങളും നടത്തിയതെന്ന് കണ്ടെത്തൽ. ചിന്നക്കനാൽ വില്ലേജിൽ സ്വകാര്യ വ്യക്തികളുടെ വൻകിട കയ്യേറ്റം 75.54 ഏക്കറും, കെഡിഎച്ച് വില്ലേജിൽ 72.24 ഏക്കറുമാണ്.

കയ്യേറ്റങ്ങളിൽ നടപടിയുണ്ടായത് ചുരുക്കം ചില കേസുകളിൽ മാത്രമാണെന്നും ഭൂരിഭാഗം കേസുകളും കോടതി വ്യവഹാരത്തിൽ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. ചിന്നക്കനാൽ വില്ലേജിലെ കയ്യേറ്റ സ്ഥലം തിരിച്ച് പിടിച്ചതായി റിപ്പോർട്ടിലുണ്ട്.

Story Highlights: 300 encroachments found in munnar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here