മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിൽ നിന്ന് 45 കാരൻ ചാടി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിലെ സുരക്ഷാ വീഴ്ചയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കോളജ് പ്രിൻസിപ്പൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടു.
നവംബർ എട്ടിന് തിരുവനന്തപുരം പിഎംജി ജങ്ഷനിലുള്ള കമ്മിഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കരിക്കകം ഷീജ നിവാസിൽ ഗോപകുമാർ (45) ആണ് ചാടി മരിച്ചത്. നെഫ്രോളജി വാർഡിലാണ് സംഭവം. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു ഗോപകുമാർ. നവംബറിലായിരുന്നു അവയവമാറ്റ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്.
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് ആക്ഷേപമുണ്ട്. വാർഡിൽ നിന്ന് പുറത്തിറങ്ങുന്ന രോഗികളെ നിരീക്ഷിക്കാൻ മതിയായ സുരക്ഷാ ജീവനക്കാരില്ല. ഒരു വർഷത്തിനിടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ രണ്ടാമത്തെ ആത്മഹത്യയാണ് ഗോപകുമാറിന്റേതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Story Highlights: Suicide in super specialty block of medical college: HRC files case