‘ഉള്ളത് പറയുമ്പോൾ തുള്ളൽ വന്നിട്ട് കാര്യമില്ല’; വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്കാണെന്ന് വി.ഡി സതീശൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും യുഡിഎഫ് സർക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമായി വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇടത് സര്‍ക്കാരിന് ഉമ്മന്‍ചാണ്ടിയെയും അദ്ദേഹം നയിച്ച യുഡിഎഫ് സർക്കാരിനേയും മറക്കാം. പക്ഷേ കേരളം മറക്കില്ലെന്നും ഫേസ്ബുക്ക് കുറിപ്പ്.
പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ആദ്യ കപ്പല്‍ അടുത്തു. ഞായറാഴ്ച വൈകിട്ട് കപ്പലിനെ സംസ്ഥാനം ഔദ്യോഗികമായി സ്വീകരിക്കും. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകുന്നതില്‍ നിറഞ്ഞ സന്തോഷം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും #UDF സര്‍ക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ വിഴിഞ്ഞം തുറമുഖം രേഖപ്പെടുത്തും.
5000 കോടിയുടെ വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് കച്ചവടവും അഴിമതിയും ആരോപിച്ചയാളാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍. ‘കടല്‍ക്കൊള്ള’ എന്ന് വിശേഷിപ്പിച്ചത് ദേശാഭിമാനി. അഴിമതി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത് ഒന്നാം പിണറായി സര്‍ക്കാര്‍. ഒടുവില്‍ എല്ലാം പുകയായി. പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ രൂപം നൽകിയ പാക്കേജും പിണറായി സർക്കാർ അട്ടിമറിച്ചു.
ഇടത് സര്‍ക്കാരിന് ഉമ്മന്‍ചാണ്ടിയെയും അദ്ദേഹം നയിച്ച UDF സർക്കാരിനേയും മറക്കാം. പക്ഷേ കേരളം മറക്കില്ല. സി.പി.എമ്മിന്റെ എല്ലാ കുതന്ത്രങ്ങളേയും മറികടന്ന് നെടുമ്പാശേരി വിമാനത്താവളവും പരിയാരം സഹകരണ മെഡിക്കല്‍ കോളജും യാഥാര്‍ഥ്യമാക്കിയ ലീഡര്‍ കെ. കരുണാകരന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ തനി പകര്‍പ്പാണ് വിഴിഞ്ഞം യാഥാര്‍ഥ്യമാക്കിയ ഉമ്മന്‍ചാണ്ടി. ഉള്ളത് പറയുമ്പോൾ തുള്ളൽ വന്നിട്ട് കാര്യമില്ല. നിങ്ങൾ എത്ര തുള്ളിയാലും ആ ക്രഡിറ്റ് ഉമ്മൻ ചാണ്ടിക്കുള്ളതാണ്.
Story Highlights: VD Satheesan said that the credit of Vizhinjam port goes to Oommen Chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here