‘ഓപ്പറേഷൻ അജയ്’; ഇന്ത്യക്കാരുമായുള്ള 4-ാം വിമാനം രാവിലെയെത്തും

‘ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള നാലാം വിമാനം രാവിലെ ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. അമൃത്സറിൽ നിന്നും പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമനമാണ് മടങ്ങി എത്തുന്നത്. 274 യാത്രക്കാരുമായി നാലാം വിമാനം പുറപ്പെട്ടതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചിരുന്നു. ഇന്നലെ രാത്രി 1.30 ന് ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനം എത്തിയിരുന്നു. 198 പേരുടെ യാത്ര സംഘത്തിൽ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 18 പേർ മലയാളികളുണ്ടായിരുന്നു.
അതേസമയം ഗാസയിൽ ഹമാസിനെതിരെ ആക്രമണം ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ് ഇസ്രയേൽ. കര-വ്യോമ-നാവിക ആക്രമണത്തിന് തയ്യാറെന്ന് ഇസ്രയേൽ സൈന്യം. എതു നിമിഷവും ആക്രമണം തുടങ്ങാൻ ലക്ഷ്യമിട്ടാണ് ത്രിതല ആക്രമണം പ്രഖ്യാപിച്ചത്. വടക്കൻ ഗാസയിലെ ജനങ്ങൾ ഒഴിയണമെന്ന് ആവർത്തിച്ചു മുന്നറിയിപ്പ് നൽകി. ഏതു നിമിഷവും ആക്രമണം ആരംഭിക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി.
സുരക്ഷയ്‌ക്കായി ഗാസ അതിർത്തിയിൽ സംരക്ഷിത മേഖല തീർക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. അവിടെ പ്രവേശന വിലക്ക് ഏർപ്പെടുത്തും. ഇസ്രയേൽ മന്ത്രി ഗീഡിയോൺ സാർ ആണ് ഇക്കാര്യം അറിയിച്ചത്. സൈനിക നടപടി പൂർത്തിയാകുന്നതോടെ ഗാസയുടെ വിസ്തൃതി കുറയുമെന്നും ഇസ്രയേൽ മന്ത്രി ഗീഡിയോൺ പറഞ്ഞു.
ഗാസയിൽ അതിശക്തമായ വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഗാസ മുനമ്പിനു പുറത്തു തമ്പടിച്ചിരിക്കുന്ന സൈനികരുമായി കൂടിക്കാഴ്ച നടത്തി. അൽ ഖുദ്‌സ് ആശുപത്രി ഒഴിപ്പിക്കണമെന്ന് ഇസ്രയേൽ സൈന്യം അന്ത്യശാസനം നൽകിയതായി പലസ്തീൻ റെഡ് ക്രെസന്റ് വ്യക്തമാക്കിയിരുന്നു. രോഗികളെ ഒഴിപ്പിക്കുന്നത് വധശിക്ഷയ്ക്ക് തുല്യമാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
Story Highlights: Operation Ajay: 4th Flight Carrying 274 Indians Takes Off From Israel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here