‘മുതിർന്ന അഭിഭാഷകൻ’ പദവിയെ ചോദ്യം ചെയ്തുള്ള ഹർജി തള്ളി

മുതിര്‍ന്ന അഭിഭാഷകന്‍ എന്ന പദവിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. അഭിഭാഷകരെ രണ്ട് വിഭാഗങ്ങളായി തിരിക്കുന്ന അഡ്വക്കേറ്റ്സ് ആക്ടിലെ 16, 23(5) വകുപ്പുകൾ റദ്ദാക്കണമെന്നതായിരുന്നു ഹർജിയിലെ ആവശ്യം.
മലയാളി അഭിഭാഷകൻ മാത്യൂസ് ജെ നെടുമ്പാറ ഉൾപ്പെടെ ഏഴ് പേർ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. 1961ലെ അഭിഭാഷക നിയമത്തിലെ 16, 23 (5) വകുപ്പുകളാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. ഈ നിയമം മുതിർന്ന അഭിഭാഷകർ, അഭിഭാഷകർ എന്നീ രണ്ട് തരം അഭിഭാഷകരെ സൃഷ്ടിക്കുന്നു. ഇത് അചിന്തനീയമായ സംഭവങ്ങൾക്കും അസമത്വത്തിനും കാരണമായേക്കുമെന്നും ഹർജിക്കാർ ഉന്നയിക്കുന്നു.
സാധാരണ അഭിഭാഷകർക്ക് ലഭ്യമല്ലാത്ത പ്രത്യേക അവകാശങ്ങളും പദവിയുമുള്ള ഒരു പ്രത്യേക ക്ലാസ് അഭിഭാഷകരെ സൃഷ്ടിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ആർട്ടിക്കിൾ 14 പ്രകാരമുള്ള തുല്യതാ ഉത്തരവിന്റെ ലംഘനമാണെന്നും ഹർജിയിൽ അവകാശപ്പെടുന്നു. മുതിർന്ന അഭിഭാഷകൻ എന്ന പദവി വക്കീല്‍ ഫീസ് വര്‍ധനവിന് കാരണമായി. പാവപ്പെട്ടവര്‍ക്ക് നിയമ സേവനം ലഭ്യമാകാത്ത സാഹചര്യം ആണ് ഇത് ഉണ്ടാക്കുന്നതെന്നും ഹർജ്ജിക്കാരൻ സുപ്രിം കോടതിയിൽ വാദിച്ചു.
Story Highlights: Plea Challenging Designation Of Lawyers As Senior Advocates Dismissed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here