മുംബൈയിൽ ദുരഭിമാനക്കൊല; ദമ്പതികളെ യുവതിയുടെ പിതാവ് കൊലപ്പെടുത്തി, 6 പേർ അറസ്റ്റിൽ

മുംബൈയിൽ വീണ്ടും ദുരഭിമാനക്കൊല. പ്രണയ വിവാഹിതരായ ദമ്പതികളെ പെൺകുട്ടിയുടെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. യുവതി ഹിന്ദു യുവാവിനെ വിവാഹം കഴിച്ചതാണ് വീട്ടുകാരെ ചൊടിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മകൾ ഗുൽനാസ് ഖാൻ, ഭർത്താവ് കരൺ രമേഷ് ചന്ദ്ര എന്നിവരെയാണ് പെൺകുട്ടിയുടെ പിതാവ് ഗോരാ ഖാനും മകനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. യുപിയിൽ വച്ച് വിവാഹിതരായ കരണും ഗുൽനാസും പിന്നീട് മുംബൈയിലെത്തുകയായിരുന്നു. മുംബൈയിലെ പുതിയ വീട് കാണിക്കാനെന്ന വ്യാജേന പെൺകുട്ടിയുടെ പിതാവ് മരുമകനെ വിളിച്ചുവരുത്തി.
Read Also:11 കാരനെ കൊലപ്പെടുത്തി, മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചു; രണ്ടാനമ്മ അറസ്റ്റിൽ
കരൺ രമേഷിനെ ഗോവണ്ടി പ്രദേശത്തേക്ക് വിളിച്ചുവരുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിൽ തള്ളി. ശേഷം മകൾ ഗുൽനാസിനെയും കൊന്ന് മൃതദേഹം നവി മുംബൈയിൽ ഉപേക്ഷിച്ചു. കഴിഞ്ഞ ശനിയാഴ്ച ചന്ദ്രയുടെ മൃതദേഹം സബർബൻ ഗോവണ്ടിയിൽ നിന്ന് പൊലീസ് കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദുരഭിമാനക്കൊലയുടെ ചുരുൾ അഴിഞ്ഞത്.
10 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. ആദ്യഘട്ടത്തിൽ മരിച്ച യുവാവിന്റെ പേര് കരൺ രമേഷ് എന്നും യുപി സ്വദേശിയാണെന്നും സംഘം കണ്ടെത്തി. പിന്നീടുള്ള അന്വേഷണം ഭാര്യ പിതാവിലേക്ക് എത്തിച്ചു. ഗോരാ ഖാനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്യാൻ തുടങ്ങി. മകൻ സൽമാൻ ഗോറ ഖാന്റെയും മറ്റ് കൂട്ടാളികളുടെയും സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ഗോറ സമ്മതിച്ചു.
Story Highlights: Mumbai Couple Killed By Woman’s Father Over Interfaith Marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here