Advertisement

ലോക്കപ്പിലെ കൊടിയ പീഡനം; മരിച്ചെന്ന് കരുതി വി.എസിനെ മറവ് ചെയ്യാൻ കൊണ്ടുപോയ കള്ളൻ തിരിച്ചറിഞ്ഞ ജീവിന്റെ തുടിപ്പ്….വി.എസിന്റെ പോരാട്ടവീര്യത്തെ പുറത്തുകൊണ്ടുവന്ന പുന്നപ്ര വയലാർ സമരം

October 20, 2023
Google News 2 minutes Read
vs achuthanandan brutally thrashed in jail punnapra vayalar strike

ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരായ കേരള ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായ പുന്നപ്ര വയലാർ സമരമാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനിലെ പോരാട്ടവീര്യത്തെ പുറത്തുകൊണ്ടുവന്നത്. തുടർന്നിങ്ങോട്ട് അന്ത്യശ്വാസം വരെ ആ പോരാട്ടവീര്യം സഖാവ് വി.എസ് എന്ന കമ്യൂണിസ്റ്റുകാരനെ ജ്വലിപ്പിച്ചുനിർത്തി. ( vs achuthanandan brutally thrashed in jail punnapra vayalar strike )

ജന്മിമാരുടെ ചൂഷണത്തിനെതിരെ പ്രതിഷേധമുയർത്തിയ കർഷക തൊഴിലാളികൾക്കെതിരെ അതിക്രൂരമായ അടിച്ചമർത്തലാണ് സർ സി.പി.രാമസ്വാമി അയ്യരുടെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.

1946 ഒക്ടോബർ 24ന് ഗത്യന്തരമില്ലാതെ നൂറുകണക്കിന് തൊഴിലാളികൾ പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമിച്ചു. 29 പേർ പൊലീസിന്റെ വെടിയേറ്റു മരിച്ചു. ഒക്ടോബർ 26ന് വയലാറിലേക്കുള്ള പട്ടാള മുന്നേറ്റം തടയാൻ മാരാരിക്കുളത്തെ തടിപ്പാലം പൊളിച്ച തൊഴിലാളികൾക്ക് നേരെ നടന്ന വെടിവെയ്പിൽ ആറ് തൊഴിലാളികൾ മരിച്ചു. തുടർന്ന് ഒക്ടോബർ 27ന് പുന്നപ്രയിലും വയലാറിലും പട്ടാളം കൂട്ടക്കൊല നടത്തി. ആയിരത്തിലധികം പേരാണ് അന്ന് മരിച്ചത്.

ഈ കൊടിയ പീഡനങ്ങൾക്കിടയിലും തളരാതെ പോരാടാൻ തൊഴിലാളികൾക്ക് പ്രചോദനം ഇരുപത്തിമൂന്നുകാരനായ വി.എസ്സായിരുന്നു. സമരത്തിന്റെ മുഖ്യകണ്ണിയും സൂത്രധാരനുമായ വി.എസിനെ പോലീസ് പിൻതുടർന്നു. പൂഞ്ഞാറിലെ ഒരു ബീഡി തൊഴിലാളിയുടെ വീട്ടിൽ നിന്നും ഒക്ടോബർ 28ന് പാലാ പൊലീസ് വിഎസിനെ അറസ്റ്റ് ചെയ്തു. ലോക്കപ്പിൽ വെച്ച് ഭീകരമായ മർദ്ദനം. അഴികൾക്കിടയിലൂടെ രണ്ടുകാലുകളും പുറത്തെടുത്ത് പാദങ്ങൾക്ക് മുകളിലും താഴെയും രണ്ട് ലാത്തികൾ കയറുകൊണ്ട് കെട്ടിയ ശേഷം കാൽവെള്ളയിൽ ലാത്തി കൊണ്ടുള്ള അടി. കാൽപാദത്തിൽ തോക്കിന്റെ ബയണറ്റ് കുത്തിക്കയറ്റി. മർദനത്തിനൊടുവിൽ വി.എസ് മരിച്ചെന്ന് കരുതി, മൃതദേഹം കൊണ്ടുപോയി മറവ് ചെയ്യാൻ സഹതടവുകാരെ ഏൽപ്പിച്ചതാണ്. അന്ന് കള്ളൻ കോരപ്പൻ എന്ന തടവുകാരനാണ് വി.എസ്സിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് രാജ്യം സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേയ്ക്ക് മിഴി തുറക്കും വരെ ഒളിവിലായിരുന്നു വി.എസ്. തുടർന്ന് സ്വതന്ത്ര ഇന്ത്യയിലെ ഏഴ് പതീറ്റാണ്ട് നീണ്ട വി.എസ് എന്ന രാഷ്ട്രീയ അതികായന്റെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിൽ പിന്നീടുള്ള പോരാട്ടങ്ങളെല്ലാം താരതമ്യേന നിസാരമായിരുന്നു.

Story Highlights: vs achuthanandan brutally thrashed in jail punnapra vayalar strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here