Advertisement

കിംഗ് കോലി വീണ്ടും; ന്യൂസീലൻഡിനെ വീഴ്ത്തി ഇന്ത്യയ്ക്ക് അഞ്ചാം ജയം, ഒന്നാമത്

October 22, 2023
Google News 2 minutes Read
india won new zealand

ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 4 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 274 റൺസ് വിജയലക്ഷ്യം 48 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 95 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ന്യൂസീലൻഡിനായി ലോക്കി ഫെർഗൂസൻ 2 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളിലും വിജയിച്ച് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ലോകകപ്പുകളിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയുടെ രണ്ടാം വിജയം മാത്രമാണിത്. (india won new zealand)

274 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആക്രമിച്ചുകളിച്ച രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് ആദ്യ വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തു. രോഹിതായിരുന്നു കൂടുതൽ അപകടകാരി. അനായാസം സിക്സറുകൾ നേടിയ ഫിഫ്റ്റിയിലേക്കുള്ള കുതിപ്പിനിടെ ദൗർഭാഗ്യകരമായി പ്ലെയ്ഡ് ഓൺ ആയി. 40 പന്തിൽ 46 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്. ഏറെ വൈകാതെ 31 പന്തിൽ 26 റൺസ് നേടി ഗില്ലും മടങ്ങി. ലോക്കി ഫെർഗൂസനാണ് ഇരുവരെയും വീഴ്ത്തിയത്.

Read Also: സ്റ്റേഡിയത്തിൽ മഞ്ഞുവീഴ്ച; ഇന്ത്യ – ന്യൂസീലൻഡ് കളി താത്കാലികമായി നിർത്തിവച്ചു

മൂന്നാം നമ്പരിലെത്തിയ കോലി സാവധാനമാണ് തുടങ്ങിയത്. പിന്നാലെ എത്തിയ ശ്രേയാസ് അയ്യരാവട്ടെ, തുടർ ബൗണ്ടറികളുമായി അപാര ഫോമിലും. ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 52 റൺസ് കൂട്ടിച്ചേർത്തു. 29 പന്തിൽ 33 റൺസ് നേടിയ ശ്രേയാസിനെ ട്രെൻ്റ് ബോൾട്ട് മടക്കിയതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. അഞ്ചാം നമ്പരിലെത്തിയ രാഹുൽ കോലിക്കൊപ്പം ചേർന്നതോടെ ഇന്ത്യൻ ഇന്നിംഗ്സ് സാവധാനം മുന്നോട്ടുപോയി. അനാവശ്യ റിസ്ക് എടുക്കാതെ ഇരുവരും നാലാം വിക്കറ്റിൽ 54 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 27 റൺസെടുത്ത രാഹുലിനെ വീഴ്ത്തി മിച്ചൽ സാൻ്റ്നറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 2 റൺസ് മാത്രം നേടി സൂര്യകുമാർ യാദവ് റണ്ണൗട്ടായതോടെ ഇന്ത്യ പ്രതിസന്ധിയിലായി. സാൻ്റ്നറിൻ്റെ അവിശ്വസനീയ ഫീൽഡിംഗാണ് സൂര്യയുടെ വിക്കറ്റിൽ കലാശിച്ചത്.

ഏഴാം നമ്പരിലെത്തിയ രവീന്ദ്ര ജഡേജയും മനോഹരമായി ബാറ്റ് വീശി. കോലിക്ക് ഉറച്ച പിന്തുണ നൽകിയ താരം ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തുകയും ചെയ്തു. അവസാന ഓവറുകളിൽ സ്കോറിംഗ് ഏറ്റെടുത്ത കോലി ബൗണ്ടറികൾ കണ്ടെത്തി. ഒടുവിൽ സെഞ്ചുറിക്കുള്ള ശ്രമത്തിനിടെ കോലി മാറ്റ് ഹെന്രിക്ക് വിക്കറ്റ് സമ്മാനിച്ചുമടങ്ങുകയായിരുന്നു. വിജയത്തിന് വെറും അഞ്ച് റൺസ് അകലെയാണ് കോലി പുറത്തായത്. ആറാം വിക്കറ്റിൽ ജഡേജയുമൊത്ത് 78 റൺസിൻ്റെ കൂട്ടുകെട്ടിലും കോലി പങ്കാളിയായി. ഒടുവിൽ അതേ ഓവറിലെ അവസാന പന്തിൽ ബൗണ്ടറി നേടി ജഡേജ ഇന്ത്യക്ക് ജയം സമ്മാനിച്ചു. ജഡേജ (39) നോട്ടൗട്ടാണ്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ 273 റൺസിന് ഓൾ ഔട്ടായി. റൺസ് 130 റൺസ് നേടിയ ഡാരിൽ മിച്ചലാണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ. രചിൻ രവീന്ദ്ര 75 റൺസ് നേടി പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമി 5 വിക്കറ്റ് വീഴ്ത്തി. അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ ബൗളിംഗാണ് ന്യൂസീലൻഡിനെ 300 കടക്കാതെ തടഞ്ഞത്.

Story Highlights: india won new zealand cricket world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here