രവീന്ദ്രയെ കൈവിട്ട് ജഡേജ; ഇന്ത്യയെ ബാക്ക്ഫൂട്ടിലാക്കി കിവീസിൻ്റെ തിരിച്ചുവരവ്

ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ ന്യൂസീലൻഡിനു മേൽക്കൈ. ആദ്യം ബാറ്റ് ചെയ്യുന്ന കിവീസ് 29 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 141 റൺസാണ് നേടിയിരിക്കുന്നത്. 2 വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് എന്ന നിലയിൽ നിന്ന് രചിൻ രവീന്ദ്രയും ഡാരിൽ മിച്ചലും ചേർന്നാണ് ന്യൂസീലൻഡിനെ ശക്തമായ നിലയിൽ എത്തിച്ചിരിക്കുന്നത്. ഇരുവരും ഫിഫ്റ്റി തികച്ചു.
തീപാറും ബൗളിംഗിലൂടെ കിവീസ് ഓപ്പണർമാരെ വിറപ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. ബുംറയും സിറാജും കൃത്യതയോടെ പന്തെറിഞ്ഞതോടെ ന്യൂസീലൻഡ് പതറി. ഇതിനിടെ റണ്ണൊന്നുമെടുക്കാത്ത ഡെവോൺ കോൺവേയെ സിറാജ് മടക്കി. ആദ്യ ബൗളിംഗ് ചേഞ്ചുമായെത്തിയ മുഹമ്മദ് ഷമി തൻ്റെ ആദ്യ പന്തിൽ വിൽ യങ്ങിനെയും (17) മടക്കി അയച്ചു. എന്നാൽ, മൂന്നാം നമ്പറിലെത്തിയ രചിൻ രവീന്ദ്രയും തുടർന്ന് ക്രീസിലെത്തിയ ഡാരിൽ മിച്ചലും ചേർന്ന് ന്യൂസീലൻഡിനെ രക്ഷിച്ചെടുത്തു. ഷമിയുടെ പന്തിൽ 12 റൺസിൽ നിൽക്കെ രവീന്ദ്രയുടെ ക്യാച്ച് ജഡേജ പാഴാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി. അത് മുതലെടുത്ത് ആക്രമണം കടുപ്പിച്ച താരം 56 പന്തിൽ ഫിഫ്റ്റി തികച്ചു. 60 പന്തിൽ മിച്ചലും അർദ്ധസെഞ്ചുറിയിലെത്തി.
മധ്യ ഓവറുകളിൽ റൺ പിടിച്ചുനിർത്താൻ ഇന്ത്യ പാടുപെടുകയാണ്. കുൽദീപ് യാദവ് പതിവിനു വിപരീതമായി തല്ലുവാങ്ങിയപ്പോൾ സിറാജും ബുംറയും ഒഴികെ മറ്റ് ബൗളർമാരെയും കിവീസ് അനായാസം നേരിടുകയാണ്. രവീന്ദ്രയും 61 മിച്ചലും 58 ക്രീസിൽ തുടരുകയാണ്. അപരാജിതമായ 122 റൺസിൻ്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തിരിക്കുന്നത്.
Story Highlights: new zealand fighting back india cricket world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here