Advertisement

എല്ലാവരും സ്വർഗത്തിൽ; ഒരു പുതിയ ഗാസ രൂപം കൊണ്ടിരിക്കുന്നു; കൊല്ലപ്പെടുന്നതിന് മുൻപ് ഹിബയുടെ കുറിപ്പ്

October 22, 2023
Google News 2 minutes Read
Palestine writer Hiba Kamal Abu Nada's fb post before she was killed

സ്വർഗത്തിലാണ് നമ്മളിപ്പോൾ. അവിടെ ഒരു പുതിയ നഗരം നിർമിക്കപ്പെടും. അവിടെ അനശ്വര സ്‌നേഹത്തെ കുറിച്ച് പാടുന്നവരെല്ലാം ഗാസക്കാരായിരിക്കും.പലസ്തീൻ എഴുത്തുകാരി ഹിബ കമാൽ അബു നദ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിനുമുമ്പ് തന്റെ ഫെയ്​സ്ബുക്ക് ടൈംലൈനിൽ എഴുതിയ വരികളാണിത്. ഹിബ കമാൽ അബു നദ പങ്കുവെച്ച ​സ്വർ​ഗത്തിലെ ​ഗാസ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. ‘ഞങ്ങൾ ഇപ്പോൾ ഉയർന്ന ആകാശത്തിലാണ്, രോഗികളില്ലാതെ, രക്തമില്ലാതെ ഒരു പുതിയ നഗരം പണിയുന്നു. വിദ്യാർഥികൾക്ക് നേരെ ആക്രോശിക്കുകയോ തിരക്കുകൂട്ടുകയോ ചെയ്യാത്ത അധ്യാപകർ, വേദനയും സങ്കടവുമില്ലാത്ത പുതിയ കുടുംബങ്ങൾ, സ്വർഗം ചിത്രീകരിക്കുന്ന റിപ്പോർട്ടർമാർ, ശാശ്വതപ്രണയം പാടുന്ന കവികൾ, എല്ലാവരും ഗാസയിൽ നിന്നുള്ളവരാണ്. എല്ലാവരും സ്വർഗത്തിൽ, അവരെല്ലാം ചേർന്നാണ് സ്വർഗത്തിൽ പുതിയ ഗാസ പണിയുക, ഉപരോധമില്ലാത്ത ഗാസ’ ഇങ്ങനെയായിരുന്നു ഹിബ കമാൽ അബു നദ ​സ്വർ​ഗത്തിലെ ​ഗസയെക്കുറിച്ച് വിവരിച്ച് ഫേസബുക്കിൽ കുറിച്ചത്.

പലസ്തീൻ സാംസ്‌കാരികവകുപ്പാണ് ഹിബയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള വിശദാംശങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്. ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് 32കാരിയായ ഹിബ കൊല്ലപ്പെട്ടത്. കഥകളും കവിതകളും നോവലുകളും എഴുതി പലസ്തീനിന്റെ സാംസ്‌കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുള്ള എഴുത്തുകാരിയായിരുന്നു ഹിബ. ഹിബയുടെ ഓക്‌സിജൻ ഈസ് നോട്ട് ഫോർ ദ ഡെഡ് എന്ന നോവൽ അറബ് സാഹിത്യലോകത്ത് ഏറെ ശ്രദ്ധനേടുകയും ഷാർജ അവാർഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മികച്ച ചെറുകഥയ്ക്കുള്ള അംഗീകാരവും ജന്മനാട്ടിൽ നിന്നും ലഭിച്ചിട്ടുണ്ട്.

സർഗാത്മകസാഹിത്യത്തിൽ അനവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ സ്വർഗത്തിലെ ​ഗാസയിലിരുന്ന് ശാശ്വതമായ സ്‌നേഹത്തെ കുറിച്ച് എഴുതിക്കൊണ്ടിരിക്കുകയാകും ഹിബയെന്ന് പലരും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. 1991-ൽ സൗദി അറേബ്യയിലാണ് ഹിബ ജനിച്ചത്. പലസ്തീനിലെ സംഘർഷാവസ്ഥയിൽ നിന്നും രക്ഷ തേടി സൗദിയിലേക്ക് പലായനം ചെയ്ത് കുടുംബത്തിലെ അംഗമായിരുന്നു ഹിബ.

Read Also: യുദ്ധങ്ങളിലെ സമ്പൂര്‍ണ ഉപരോധം; നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശങ്ങള്‍

ഇസ്രയേൽ- പലസ്തീൻ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ ഗാസയിൽ അവശേഷിക്കുന്നത് തകർന്നടിഞ്ഞ കെട്ടിടങ്ങളും നഷ്ടങ്ങളെക്കുറിച്ച് മാത്രമൊർക്കാൻ വിധിക്കപ്പെട്ട മനുഷ്യജീവിതങ്ങളുമാണ്. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം യുദ്ധത്തിൽ ഇതിനോടകം കൊല്ലപ്പെട്ടത് 4385 പേരാണ്. 13561 പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നുണ്ട്. യുദ്ധവും ഉപരോധവും തകർത്തുകളഞ്ഞ ഗാസയിലെ ജനങ്ങൾക്ക് ആദ്യഘട്ട മാനുഷികസഹായമെത്തിക്കുന്നതിന് ഈജിപ്തിലെ റാഫ അതിർത്തി കഴിഞ്ഞ ദിവസം തുറന്നിരുന്നു. ദിവസങ്ങൾനീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ശനിയാഴ്ച ഗാസയിലെ യുദ്ധമുഖത്തേക്ക് മനുഷ്യത്വത്തിന്റെ വെളിച്ചം അല്പമെങ്കിലുമെത്തിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇതിനോടകം ഗാസയ്ക്കായി ഈജിപ്തിലേക്ക് സഹായം അയച്ചു തുടങ്ങിയിട്ടുണ്ട്.

Story Highlights: Palestine writer Hiba Kamal Abu Nada’s fb post before she was killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here