കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പിആർ അരവിന്ദാക്ഷൻ, സികെ ജിൽസ് എന്നിവരുടെ ജാമ്യപേക്ഷ തള്ളി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെയും അക്കൗണ്ടൻറ് സി കെ ജിൽസിന്റെയും ജാമ്യപേക്ഷ തള്ളി. കേസിലെ മൂന്നും, നാലും പ്രതികളാണ് ഇവർ. കലൂർ പിഎംഎൽഎ കോടതിയുടേതാണ് നടപടി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി രാഷ്ട്രീയം കളിക്കുകയാണെന്ന് പി ആർ അരവിന്ദാക്ഷൻ കോടതിയിൽ ആരോപിച്ചിരുന്നു. ഇ ഡി കഥ മെനയുകയാണ്. അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും അരവിന്ദാക്ഷൻ കോടതിയിൽ പറഞ്ഞു. തന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ടിലൂടെ 63 ലക്ഷം രൂപയുടെ ഇടപാട് നടന്നെന്ന് ഇ ഡി തെറ്റിദ്ധരിപ്പിച്ചെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ അരവിന്ദാക്ഷൻ ചൂണ്ടിക്കാട്ടി.
കരുവന്നൂർ കേസിൽ രാഷ്ട്രീയ താത്പര്യത്തോടെയാണ് അന്വേഷണ ഏജൻസി പ്രവർത്തിക്കുന്നത്. സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്ന ബുൾഡോസറായി ഇഡി മാറുകയാണെന്നും അരവിന്ദാക്ഷൻ പറഞ്ഞു. അതേസമയം പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറി അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. ബാങ്ക് സെക്രട്ടറി അന്വേഷണ ഏജൻസിയെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു. സെക്രട്ടറിക്കെതിരെ നടപടി ആവശ്യമാണെന്ന് ഇഡി കോടതിയിൽ വാദിച്ചു.
Story Highlights: karuvannur bank fraud pr aravindakshan ck jills bail plea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here