100 പെർസൻ്റ് പ്രൊഫഷണൽ; ശ്രീലങ്കയെ ഏഴ് വിക്കറ്റിനു മറികടന്ന് അഫ്ഗാൻ കുതിപ്പ് തുടരുന്നു

ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്താന് വീണ്ടും തകർപ്പൻ ജയം. ഇന്ന് ശ്രീലങ്കയെ നേരിട്ട അഫ്ഗാൻ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക മുന്നോട്ടുവച്ച 242 റൺസ് വിജയലക്ഷ്യം 45.2 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി അഫ്ഗാനിസ്താൻ മറികടന്നു. 73 റൺസുമായി അസ്മതുള്ള ഒമർസായ് അഫ്ഗാൻ്റെ ടോപ്പ് സ്കോററായി. ശ്രീലങ്കക്കായി ദിൽഷൻ മധുശനക രണ്ട് വിക്കറ്റ് വീഴ്ത്തി. (afghanistan won srilanka cricket)
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറിൽ 241 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടാവുകയായിരുന്നു. ശ്രീലങ്കൻ നിരയിൽ എട്ട് പേർ രണ്ടക്കം കടന്നെങ്കിലും ആർക്കും ഒരു വലിയ ഇന്നിംഗ്സ് പോലും കളിക്കാനായില്ല. ഒരു ഫിഫ്റ്റി പോലും ശ്രീലങ്കൻ നിരയിൽ ഉണ്ടായില്ല. 46 റൺസ് നേടിയ പാത്തും നിസങ്കയാണ് ശ്രീലങ്കൻ നിരയിലെ ടോപ്പ് സ്കോറർ. ഓരോ തവണ ശ്രീലങ്ക കളി പിടിക്കുമ്പോഴും വിക്കറ്റ് വീഴ്ത്തി അഫ്ഗാൻ പിടിമുറുക്കിക്കൊണ്ടിരുന്നു. അഫ്ഗാനിസ്താനു വേണ്ടി ഫസലുൽ ഹഖ് ഫറൂഖി നാലും മുജീബ് റഹ്മാൻ രണ്ടും വിക്കറ്റ് വീഴ്ത്തി.
Read Also: ലോകകപ്പിൽ പാകിസ്താൻ്റെ മോശം പ്രകടനം; മുഖ്യ സെലക്ടർ ഇൻസമാം ഉൽ ഹഖ് രാജിവച്ചു
മറുപടി ബാറ്റിംഗിൽ റഹ്മാനുള്ള ഗുർബാസിനെ ആദ്യ ഓവറിൽ തന്നെ നഷ്ടമായെങ്കിലും ഇബ്രാഹിം സദ്രാനും റഹ്മത് ഷായും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് അഫ്ഗാനു മേൽക്കൈ നൽകി. 73 റൺസ് നീണ്ട ഈ കൂട്ടുകെട്ടിനൊടുവിൽ സദ്രാൻ (39) വീണു. നാലാം നമ്പറിലെത്തിയ ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിദിയും റഹ്മത് ഷായും ചേർന്ന് ഇന്നിംഗ്സ് അനായാസം മുന്നോട്ടുകൊണ്ടുപോയി. ഒരുതരത്തിലുള്ള സമ്മർദ്ദവുമില്ലാതെ വളരെ റിലാക്സ്ഡായ ഒരു റൺ ചേസ്. 58 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ റഹ്മത് ഷാ (62) പുറത്തായെങ്കിലും അഞ്ചാം നമ്പറിലെത്തി ആക്രമിച്ചുകളിച്ച അസ്മതുള്ള ക്യാപ്റ്റനുമൊത്ത് അഫ്ഗാനെ മൂന്നാം ജയത്തിലേക്ക് നയിക്കുകയായിരുന്നു. 63 പന്തിൽ 73 റൺസ് നേടിയ അസ്മതുള്ളയും 58 റൺസ് നേടിയ ഹഷ്മതുള്ളയും ചേർന്ന് നാലാം വിക്കറ്റിൽ അപരാജിതമായ 111 റൺസാണ് കൂട്ടിച്ചേർത്തത്.
Story Highlights: afghanistan won srilanka cricket world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here