Advertisement

ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ന്യൂസീലൻഡ് എതിരാളികൾ

November 1, 2023
Google News 2 minutes Read
cricket world cup new zealand south africa

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് കരുത്തർ കളത്തിൽ. പോയിൻ്റ് പട്ടികയിൽ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള ദക്ഷിണാഫ്രിക്കയും ന്യൂസീലൻഡുമാണ് ഇന്ന് പരസ്പരം ഏറ്റുമുട്ടുക. 6 മത്സരങ്ങളിൽ അഞ്ച് മത്സരം വിജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 10 പോയിൻ്റും 6 മത്സരങ്ങളിൽ നാല് മത്സരം വിജയിച്ച ന്യൂസീലൻഡിന് 8 പോയിൻ്റുമാണ് ഉള്ളത്. (new zealand south africa)

നെതർലൻഡ്സിനെതിരെ നേരിട്ട അപ്രതീക്ഷിത അട്ടിമറി മാറ്റിനിർത്തിയാൽ ദക്ഷിണാഫ്രിക്ക തകർപ്പൻ പ്രകടനങ്ങളാണ് നടത്തുന്നത്. എട്ടാം നമ്പറിൽ, കേശവ് മഹാരാജ് വരെ നീളുന്ന ബാറ്റിംഗ് നിരയാണ് അവരുടെ കരുത്ത്. ടോപ്പ് ഓർഡറിൽ ക്വിൻ്റൺ ഡികോക്കിൻ്റെയും മിഡിൽ ഓർഡറിൽ ഹെൻറിച് ക്ലാസൻ്റെയും സ്ഥിരതയാർന്ന പ്രകടനങ്ങൾ അവരുടെ പ്രകടനങ്ങളെ സഹായിക്കുന്നുണ്ട്. ബാറ്റിംഗ് നിരയിൽ എല്ലാവരും ഫോമിലാണ്. അതും ആക്രമണ ക്രിക്കറ്റാണ് ദക്ഷിണാഫ്രിക്കയുടെ രീതി. ബൗളിംഗ് നിരയും ഭേദപ്പെട്ടതാണെങ്കിലും അത്ര മികച്ചതല്ല. ഏത് ടോട്ടലും അടിച്ചെടുക്കാൻ കഴിവുള്ള ബാറ്റിംഗ് നിരയെ തന്നെയാവും ദക്ഷിണാഫ്രിക്ക ഈ കളിയിലും വിശ്വസിക്കുക.

Read Also: ആറാം തോല്‍വി ഏറ്റുവാങ്ങി ബംഗ്ലാദേശ് പുറത്ത്; പാകിസ്താന്റെ ജയം ഏഴ് വിക്കറ്റിന്

ന്യൂസീലൻഡ് ആവട്ടെ, തുടരെ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടാണ് എത്തുന്നത്. ഇന്ത്യക്കെതിരെ 4 വിക്കറ്റിനും ഓസ്ട്രേലിയക്കെതിരായ ക്ലോസ് മാച്ചിൽ 4 റൺസിനും അവർ കീഴടങ്ങി. ബാലൻസ്ഡ് ആയ നിരയാണ് കിവീസിൻ്റേത്. ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര എന്നിവരുടെ ബാറ്റിംഗ് ഫോം ന്യൂസീലൻഡിൻ്റെ പ്രകടനങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഡെവോൺ കോൺവേയും ചില നല്ല പ്രകടനങ്ങൾ നടത്തി. മിച്ചൽ സാൻ്റ്നർ, മാറ്റ് ഹെൻറി എന്നിവരാണ് കിവീസിൻ്റെ മികച്ച ബൗളർമാർ. കെയിൻ വില്ല്യംസൺ ഇന്നും കളിക്കില്ല.

പൂനെയിലാണ് കളി. ഇവിടെ നടന്ന രണ്ട് കളിയിലും കൂറ്റൻ സ്കോറുകൾ പിറന്നില്ല. ഇന്ത്യ- ബംഗ്ലാദേശ് മത്സരത്തിൽ ബംഗ്ലാദേശ് മുന്നോട്ടുവച്ച 257 റൺസ് വിജയലക്ഷ്യം ഇന്ത്യ 42ആം ഓവറിൽ മറികടന്നു. ശ്രീലങ്ക – അഫ്ഗാനിസ്താൻ കളിയിൽ ശ്രീലങ്ക മുന്നോട്ടുവച്ച 242 റൺസ് വിജയലക്ഷ്യം അഫ്ഗാനിസ്താൻ 46ആം ഓവറിലും മറികടന്നു.

ഇന്ന് ദക്ഷിണാഫ്രിക്ക ജയിച്ചാൽ അവർ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തും. ആറ് കളിയിൽ ആറും ജയിച്ച ഇന്ത്യ 12 പോയിൻ്റുമായി ഒന്നാമതാണ്. ഇന്ന് ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്കും 12 പോയിൻ്റാവുമെങ്കിലും അവർക്ക് ഇന്ത്യയെക്കാൾ മികച്ച നെറ്റ് റൺ റേറ്റുണ്ട്.

Story Highlights: cricket world cup new zealand south africa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here