‘കുറച്ച് ഇലക്ട്രോണിക് സാധനങ്ങള്‍ റിപ്പയര്‍ ചെയ്യാനെടുത്ത് വച്ചിട്ടുണ്ട്, എന്നിട്ട് നീലൂന്ന് വിളിക്കും’; കുഞ്ഞ് ബാലു പാറമടവീട്ടിലെത്തിയ ഉള്ളുനിറച്ച നിമിഷങ്ങള്‍
ബാലുവിനേയും നീലുവിനേയും കേശുവിനേയും ശിവാനിയേയും ലച്ചുവിനേയും പാറുക്കുട്ടിയേയും ഒക്കെ കാണാന്‍ കഴിഞ്ഞ ദിവസം പാറമട വീട്ടിലേക്ക് സ്‌പെഷ്യലായ ഒരു അതിഥിയെത്തി. ഒരു കുഞ്ഞ് അതിഥിയാണെങ്കിലും അവന്റെ വലിയ ലോകം മുഴുവന്‍ ഉപ്പും മുളകിന്റെ മധുരങ്ങളാണ്. വലിയ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നുള്ള അതിജീവന കാലഘട്ടങ്ങളില്‍ ഒരു കുഞ്ഞിന് തുണയായ, അവന്റെ റിയാലിറ്റി തന്നെയായ പാറമട കുടുംബാംഗങ്ങളെ കാണാനായിരുന്നു ആ വരവ്. കുഞ്ഞിന്റെ സംസാരവും ഇടപെടലുമൊക്കെ ഏറെ രസകരമെങ്കിലും അതിലേറെ ഹൃദയസ്പര്‍ശിയുമായിരുന്നു ആ കൂട്ടിമുട്ടല്‍. (Aryan came to Paramada house to meet his favorite uppum mulakum stars)
ആര്യനെന്ന കുഞ്ഞാണ് ഒറ്റക്കാഴ്ചയില്‍ തന്നെ പാറമട കുടുംബത്തിലെ എല്ലാവരുടേയും മനംകവര്‍ന്നത്. ഡൗണ്‍ സിന്‍ട്രോം ബേബിയായ ആര്യന് തീരെച്ചെറുപ്പത്തിലാണ് ഹൃദയസംബന്ധിയായ അസുഖവും ഉണ്ടെന്ന് കണ്ടെത്തുന്നത്. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയിലൂടെ രോഗത്തില്‍ നിന്ന് പയ്യെ മുക്തിനേടിവരുന്ന കാലയളവിലാണ് അമ്മയുടെ ഫോണില്‍ ആര്യന്‍ ഉപ്പും മുളകും കാണാന്‍ തുടങ്ങുന്നത്. അമ്മയല്ലാതെ മറ്റാരുമായും ബന്ധമില്ലാതെ വിശ്രമത്തില്‍ കഴിയുന്ന ആ കുഞ്ഞിന്റെ മനസില്‍ ഉപ്പും മുളകും കഥാപാത്രങ്ങള്‍ ഒറ്റപ്പെടലിന്റെ വിടവ് നികത്തി. രോഗകാലം മുതല്‍ കുടുംബാംഗങ്ങളെപ്പോലെ കൂടെയുള്ള ഉപ്പും മുളകും കഥാപാത്രങ്ങളെ കാണാനാണ് കഴിഞ്ഞ ദിവസം അച്ഛനും അമ്മയ്ക്കുമൊപ്പം കുഞ്ഞ് ആര്യനെത്തിയത്.
കുഞ്ഞിന്റെ ഉപ്പും മുളകും ലോകത്തില്‍ അവന്‍ തന്നെയാണ് ബാലു. അതുകൊണ്ടുതന്നെ ഉപ്പും മുളകും കുട്ടികളെല്ലാം അവന്റെ കുട്ടികളാണ്. കുറച്ച് ഇലക്ട്രിക് സാധനങ്ങള്‍ എടുത്തുവച്ച് അത് നന്നാക്കുന്നതിനിടെ നീലൂ എന്ന് നീട്ടിവിളിക്കുന്നത് അവന്റെ പതിവാണെന്ന് മാതാപിതാക്കള്‍ പറയുന്നു. ബാലുവിനെ ആദ്യം കണ്ടപ്പോള്‍ ആളൊന്ന് പകച്ചെങ്കിലും ബാലുവിനെ പയ്യെ മടിയിലേക്ക് വലിച്ചടുപ്പിച്ച് ഉമ്മവച്ചു. പാറുക്കുട്ടിയേയും കേശുവിനേയും ചുമ്മാ വിരട്ടി. ലച്ചുവിനെ കളിയാക്കി. നീലുവിന്റെയടുത്ത് കൊഞ്ചി.
അതിജീവനകാലത്ത് അവന്‍ കുഞ്ഞുസ്‌ക്രീനില്‍ കണ്ട പാറമടക്കുടുംബത്തിന്റെ സ്‌നേഹവും നന്മയും രസങ്ങളും യാഥാര്‍ത്ഥ്യമാണെന്ന് നേരിട്ട് കണ്ട് ഉറപ്പിച്ചാണ് കുഞ്ഞ് ആര്യന്‍ മടങ്ങിയത്. ആര്യന്റെ വിഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആര്യന്റെ വിഡിയോ ഉള്ളുനിറയ്ക്കുന്നതാണെന്ന് നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്.
വിഡിയോ കാണാം…
Story Highlights: Aryan came to Paramada house to meet his favorite uppum mulakum stars
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here