Advertisement

‘മര്യാദയെ അതിലംഘിക്കുന്ന പോസ്റ്റുകൾ കണ്ടു; മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല, ശ്രീക്കുട്ടനെ വേദനിപ്പിക്കരുത് എന്ന നിർബന്ധമുണ്ട്’; ദീപാ നിശാന്ത്

November 3, 2023
Google News 2 minutes Read

കേരള വര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി മുൻ അധ്യാപിക ദീപ നിശാന്ത്. താനിപ്പോൾ പഠിപ്പിക്കുന്നത് കേരളവർമ്മ കോളജിലല്ല. 2 വർഷമായി മറ്റൊരു കോളേജിലേക്ക് ട്രാൻസ്ഫർ ലഭിച്ചിട്ട്. കേരളവർമ്മയിലെ നിലവിലെ വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷം പേരെയും എനിക്കറിയില്ല. (deepa nisanth reaction on kerala varma college election)

അവസാന വർഷക്കാരിൽ കുറച്ചുപേരെ മാത്രം അറിയാം.അവരിൽ ചിലരുമായി ഇപ്പോഴും ബന്ധമുണ്ട്. അതിലൊരാൾ ശ്രീക്കുട്ടനാണ്. ക്ലാസില്‍ നന്നായി ഇടപെടുന്ന, സംവാദോന്മുഖമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാര്‍ത്ഥി എന്ന നിലയില്‍ ശ്രീക്കുട്ടനോട് സ്‌നേഹമുണ്ടെന്നും ബഹുമാനമുണ്ടെന്നും ദീപാ നിശാന്ത് കൂട്ടിച്ചേര്‍ത്തു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നും മര്യാദയെ അതിലംഘിക്കുന്ന പല പോസ്റ്റുകളും കണ്ടു. അത്തരം അരാഷ്ട്രീയ വ്യക്തിഹത്യകള്‍ക്ക് മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല. പക്ഷേ ആ മറുപടിയും തുടര്‍ ചര്‍ച്ചകളും ശ്രീക്കുട്ടനെ വേദനിപ്പിക്കരുതെന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ളതു കൊണ്ട് താന്‍ മൗനം പാലിക്കുകയാണെന്ന് ദീപാ നിശാന്ത് പറഞ്ഞു.

ദീപാ നിശാന്തിന്റെ കുറിപ്പ്:

അച്ഛൻ പോയതിനുശേഷം മാനസികമായി അനുഭവിക്കുന്ന ചില ബുദ്ധിമുട്ടുകളുടെ പേരിൽ ഒരു മാസക്കാലമായി ഈ വഴിക്കങ്ങനെ വരാറില്ല. ഒന്നും എഴുതാറുമില്ല.കഴിഞ്ഞ ദിവസം നടന്ന കേരളവർമ്മ കോളേജ് യൂണിയൻ ഇലക്ഷനുമായി ബന്ധപ്പെട്ട ചർച്ചകളിൽ പലരും അനാവശ്യമായി പല ആരോപണങ്ങളും തീർത്തും വ്യക്തിഹത്യാപരമായ പരാമർശങ്ങളും ഉന്നയിച്ചത് സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയേണ്ടി വരുന്നത്.
ഞാനിപ്പോൾ പഠിപ്പിക്കുന്നത് കേരളവർമ്മ കോളേജിലല്ല. 2 വർഷമായി മറ്റൊരു കോളേജിലേക്ക് ട്രാൻസ്ഫർ ലഭിച്ചിട്ട്.
കേരളവർമ്മയിലെ നിലവിലെ വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷം പേരെയും എനിക്കറിയില്ല. അവസാന വർഷക്കാരിൽ കുറച്ചുപേരെ മാത്രം അറിയാം.അവരിൽ ചിലരുമായി ഇപ്പോഴും ബന്ധമുണ്ട്. അതിലൊരാൾ ശ്രീക്കുട്ടനാണ്. ഇടയ്ക്ക് കാണാറുണ്ട്. ക്ലാസ്സിൽ നന്നായി ഇടപെടുന്ന, സംവാദോന്മുഖമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാർത്ഥി എന്ന നിലയിൽ ശ്രീക്കുട്ടനോട് സ്നേഹമുണ്ട്.ബഹുമാനമുണ്ട്.
കേരളത്തിൽ ഏറ്റവുമധികം ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന കോളേജുകളിൽ മുൻനിരയിലാണ് കേരളവർമ്മ കോളേജിന്റെ സ്ഥാനം.1952 ൽ, തൃശ്ശൂരിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത കോളേജ് കാഴ്ചശക്തിയില്ലെന്ന കാരണം കൊണ്ട് തിരസ്കരിച്ച വാസു എന്ന വിദ്യാർത്ഥിയെ ഹൃദയപൂർവ്വം സ്വീകരിച്ചു കൊണ്ട് തുടങ്ങിയ കേരളവർമ്മയുടെ ആ മഹാപരമ്പരയിൽ ഇപ്പോൾ ആറായിരത്തോളം പേരുണ്ട്.
ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് ശ്രീക്കുട്ടൻ വിജയിച്ചു എന്ന വാർത്ത കേട്ടത് ഭിന്നശേഷി വിദ്യാർത്ഥികളുടെ അലുമ്നി ഗ്രൂപ്പിലാണ്. അപ്പോൾത്തന്നെ ശ്രീക്കുട്ടനെ വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു.
പിന്നീട് ആ വാർത്ത സംബന്ധിച്ച തർക്കങ്ങൾ കണ്ടു.ചർച്ചകൾ അധികം പിന്തുടർന്നില്ല.
കോൺഗ്രസ് പ്രൊഫൈലുകളിൽ നിന്നും പുറത്തേക്ക് വിടുന്ന മര്യാദയെ അതിലംഘിക്കുന്ന പല പോസ്റ്റുകളും കണ്ടു. അത്തരം അരാഷ്ട്രീയവ്യക്തിഹത്യകൾക്ക് അതേ രീതിയിൽ മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല. പക്ഷേ ആ മറുപടിയും തുടർചർച്ചകളും ഏതെങ്കിലും തരത്തിൽ ശ്രീക്കുട്ടനെ വേദനിപ്പിക്കരുത് എന്ന കാര്യത്തിൽ
നിർബന്ധമുള്ളതുകൊണ്ട് മൗനം പാലിക്കുന്നു.
ശ്രീക്കുട്ടനോട് അന്നുമിന്നും സ്നേഹമുണ്ട്. വ്യക്തിഹത്യ ഇന്ധനമാക്കി മുന്നോട്ടു നീങ്ങുന്ന മനുഷ്യരോട് അതുപോലെ തന്നെ സഹതാപവും.

Story Highlights: deepa nisanth reaction on kerala varma college election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here