Advertisement

കെ. റൺ; കേരളത്തിന്റെ കരുത്തും സൗന്ദര്യവും ലോകമൊട്ടാകെ എത്തിക്കാൻ മൊബൈൽ ഗെയിം

November 3, 2023
Google News 2 minutes Read
K run game

കേരളീയത്തിന്റെ ഭാഗമായി കേരളത്തിന്റെകരുത്തും സൗന്ദര്യവും ലോകമൊട്ടാകെയുള്ള യുവാക്കളിൽ എത്തിക്കാൻ മൊബൈൽ ​ഗെയിം. കെ. റൺ (കേരള എവലൂഷൻ റൺ) എന്നു പേരിട്ടിരിക്കുന്ന ​ഗെയിം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ലോഞ്ച് ചെയ്തു. പ്രശസ്തമായ റൺ ഗെയിമുകളുടെ മാതൃകയിലാണ് കേരളീയം മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി ഗെയിം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പഴയകാല കേരളത്തിൽ നിന്ന് ആധുനിക കേരളത്തിലേക്കുള്ള യാത്രയായാണ് ഗെയിമിന്റെ രൂപകൽപ്പന.(K Run Mobile game launched in Keraleeyam festival)

ഗെയിമിന്റെ വിവിധ ഘട്ടങ്ങളിലായി സംസ്ഥാനത്തിന്റെപഴയകാലവും മധ്യകാലവും ആധുനിക കാലവും ചിത്രീകരിച്ചിട്ടുണ്ട്. കേരളത്തിന്റെനേട്ടങ്ങളും അഭിമാന പദ്ധതികളും ഈ യാത്രയിൽ കാഴ്ചകളായി അണിനിരക്കും. കെ.എസ്.ആർ.ടി.സി, കൊച്ചി മെട്രോ, വാട്ടർമെട്രോ, വിമാനത്താവളം തുടങ്ങി ഗതാഗത മേഖലയുടെ ദൃശ്യവൽക്കരണം ഗെയിമിലുണ്ട്.

ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം തുടങ്ങി സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ മേഖലകൾ ഗെയിമിലെ യാത്രയിൽ വന്നുപോകും. ആകർഷകമായ ത്രീ ഡി അസറ്റുകൾ, വിഷ്വൽ എഫക്ട്‌സ്, സ്‌പേഷ്യൽ ഓഡിയോ തുടങ്ങിയവ ഗെയിമിനു മാറ്റുകൂട്ടുന്നു. ഗെയിമിലെ നായക കഥാപാത്രത്തിന് ഈ ഓട്ടത്തിനിടെ കോയിനുകളും മറ്റു സമ്മാനങ്ങളും ശേഖരിക്കാം. ഓടിയും ചാടിയും വശങ്ങളിലേക്ക് തെന്നിമാറിയും തടസ്സങ്ങളും കെണികളും മറികടക്കാം. ഗെയിമിൽ ഉൾപ്പെടുത്തിയിട്ടുള്ള ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകിയാൽ ബോണസ് പോയിന്റുകൾ ലഭിക്കും. വിനോദത്തിലൂടെ വിജ്ഞാനം എന്നതാണ് ലക്ഷ്യം.

കേരളീയം എന്ന സങ്കൽപ്പത്തിൽ ഊന്നിയാണ് നിലവിൽ ഗെയിമെങ്കിലും ഭാവിയിൽ സംസ്ഥാനത്തിന്റെ മറ്റു വികസന സന്ദേശങ്ങൾ ഉൾപ്പെടുത്താനാകും വിധമാണ് രൂപകൽപ്പന. ആൻഡ്രോയ്ഡ്, വെബ് ആപ്‌ളിക്കേഷനുകളാണ് നിലവിൽ പൂർത്തിയായത്. ഗൂഗിൾ പ്‌ളേ സ്റ്റോറിൽ ‘K-Run’ എന്നു സെർച്ച് ചെയ്ത് ഗെയിം ഇൻസ്റ്റാൾ ചെയ്യാം. വൈകാതെ ഐ.ഒ.എസ് പ്ലാറ്റ്‌ഫോമിലും ലഭ്യമാകും. ഇൻഫിനിറ്റി റണ്ണർ ഗെയിം ആയിട്ടാണ് കെ റൺ രൂപകൽപ്പന. കേരളീയം മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മറ്റി സ്റ്റാർട്ട് അപ് കമ്പനിയായ എക്‌സ്.ആർ.ഹൊറൈസണുമായി ചേർന്നാണ് ഗെയിം ഡെവലപ്ചെയ്തത്.

കനകക്കുന്ന് പാലസ് ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായിരുന്നു. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ,ഐ.ബി സതീഷ് എം.എൽ.എ ,മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് ബാബു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. എക്‌സ്.ആർ.ഹൊറൈസൺ സി.ഇ.ഒ ഡെൻസിൽ ആന്റണി ഗെയിമിന്റെ സവിശേഷതകൾ വിശദീകരിച്ചു.

Story Highlights: K Run Mobile game launched in Keraleeyam festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here