‘നവംബർ 19ന് എയർ ഇന്ത്യ വിമാനങ്ങൾ തകർക്കും, അന്ന് സിഖുകാർ യാത്ര ചെയ്യരുത്’; ഭീഷണിയുമായി ഖാലിസ്ഥാൻ നേതാവ്
എയർ ഇന്ത്യ വിമാനങ്ങളിൽ സ്ഫോടനം നടത്തുമെന്ന ഭീഷണിയുമായി നിരോധിത സിഖ് ഫോർ ജസ്റ്റിസിന്റെ (എസ്‌എഫ്‌ജെ) സ്ഥാപകനായ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. നവംബർ 19 ന് എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്ന് സിഖുകാർക്ക് മുന്നറിയിപ്പ്. എയർ ഇന്ത്യയെ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് അവകാശപ്പെടുന്ന പുതിയ വീഡിയോ പുറത്തിറക്കി.
“നവംബർ 19 ന് എയർ ഇന്ത്യ വഴി പറക്കരുതെന്ന് ഞങ്ങൾ സിഖ് ജനതയോട് ആവശ്യപ്പെടുന്നു. ആഗോള തലത്തിൽ ഉപരോധങ്ങൾ ഉണ്ടാകും. നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുത്, അല്ലെങ്കിൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും” സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ പന്നൂൻ പറയുന്നു.
ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളം നവംബർ 19ന് അടച്ചിടുമെന്നും അതിന്റെ പേര് മാറ്റുമെന്നും പന്നൂൻ അവകാശപ്പെട്ടു. ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുന്നത് ഇതേ ദിവസമാണെന്ന് പന്നൂൻ എടുത്തുപറഞ്ഞതും ശ്രദ്ധേയമാണ്. പഞ്ചാബ് വിമോചിതമാകുമ്പോൾ ഐജിഐ വിമാനത്താവളത്തിന്റെ പേര് ഷാഹിദ് ബിയാന്ത് സിംഗ്, ഷാഹിദ് സത്വന്ത് സിംഗ് ഖാലിസ്ഥാൻ എയർപോർട്ട് എന്നായിരിക്കുമെന്നും ഗുർപത്വന്ത്.
Story Highlights: Khalistani Terrorist Threatens To Blow Up Air India Flight On Nov 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here