പറയാനുള്ളത് അച്ചടക്ക സമിതിക്ക് മുന്നിൽ പറയും, പാർട്ടി അത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ; ആര്യാടൻ ഷൗക്കത്ത്

പറയാനുള്ളത് അച്ചടക്ക സമിതിക്ക് മുന്നിൽ പറയുമെന്നും പാർട്ടി അത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ.പി.സി.സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. ഉത്തരവാദിത്തപ്പെട്ട പാർട്ടി പ്രവർത്തകനാണ് താൻ. തന്റെ പ്രവർത്തനങ്ങളിൽ പാർട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അത് മാറ്റൽ ആണ് പ്രധാനം.
പലസ്തീനിൽ നടക്കുന്നത് നിലനിൽപ്പിനായുള്ള പോരാട്ടമാണ്. എന്നും പലസ്തീനൊപ്പം നിന്ന പാരമ്പര്യമാണ് കോൺഗ്രസിന് ഉള്ളത്. പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഭാഗം കേട്ടതിനുശേഷം തീരുമാനമെടുക്കുമെന്ന് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.
കെപിസിസി വിലക്ക് ലംഘിച്ച് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഷൗക്കത്ത് നൽകിയ മറുപടി പാർട്ടിയുടെ അച്ചടക്ക സമിതി പരിശോധിക്കുകയാണ്. തീരുമാനം വരുന്നതു വരെ പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിൽക്കാൻ അദ്ദേഹത്തിന് നിർദേശമുണ്ട്. ഇതിനിടയിലാണ് സിപിഐഎം പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്.
സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കിയിട്ടുണ്ട്. കെ.പി.സി.സി. നൽകിയ വിശദീകരണ നോട്ടീസിന് ആര്യാടൻ ഷൗക്കത്ത് മറുപടി നൽകിയിരുന്നു. റാലി ഒഴിവാക്കിയിരുന്നെങ്കിൽ പാർട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമുണ്ടാകുമായിരുന്നുവെന്നായിരുന്നു വിശദീകരണം. മതപണ്ഡിതന്മാരടക്കം പങ്കെടുക്കാമെന്ന് സമ്മതിച്ച റാലിയിൽനിന്ന് പിന്മാറിയിരുന്നെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമായിരുന്നെന്ന് അദ്ദേഹം മറുപടിയിൽ വ്യക്തമാക്കുന്നു.
Story Highlights: Aryadan Shoukath in Congress Disciplinary Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here